സൗദിയിലെ പുരുഷമേധാവിത്വത്തിന് അറുതി വരുത്തണമെന്ന് ആവശ്യപെട്ട് സര്‍ക്കാരിന് സൗദി സ്ത്രീകളുടെ മാസ് പെറ്റീഷന്‍. 14000 സ്ത്രീകള്‍ ഒപ്പുവെച്ച ഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി. ഇതാദ്യമായാണ് സൗദിയില്‍ ഈ ആവശ്യമുന്നയിച്ച് സ്ത്രീകള്‍ കൂട്ടമായി രംഗത്തെത്തുന്നത്. പുരുഷ മേധാവിത്വം അനുവര്‍ത്തിക്കുന്ന രാജ്യമായ സൗദിയില്‍ വിദേശ യാത്രയ്ക്കും ജോലിക്കും പഠനത്തിനും സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ അനുവാദം വേണം. പുരുഷ കേന്ദ്രീകൃത രക്ഷാകര്‍തൃത്വം ചോദ്യം ചെയ്ത് #IAmMyOwnGuardian എന്ന ഹാഷ്ടാഗില്‍ തുടങ്ങിയ സോഷല്‍ മീഡിയ കാംപയിന് മികച്ച പ്രതികരണമാണ് സൗദി വനിതകളില്‍ നിന്നും ലഭിച്ചത്. ഇസ്ലാമിക നിയമം അനുവര്‍ത്തിക്കുന്ന സൗദിയില്‍ സ്ത്രീകള്‍ക്ക് വിദേശ യാത്ര നടത്താനും മറ്റും രക്ഷിതാക്കളുടെ സമ്മതം വേണം. പിതാവ്, സഹോദരന്‍, ഭര്‍ത്താവ്, മകന്‍, അല്ലെങ്കില്‍ വിവാഹ ബന്ധത്തിന് വിലക്കുള്ള ഗണത്തില്‍ പെട്ട പുരുഷന്മാരായ ബന്ധുക്കള്‍ എന്നിവയിലാരെങ്കിലും യാത്രയില്‍ വനിതയോടൊപ്പം അനുഗമിക്കണം. മിക്ക സര്‍വകലാശാലകളിലും തൊഴില്‍ സ്ഥലങ്ങളിലും വനിതകള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. കൂടാതെ വാടക വീടെടുക്കുന്നതിനും ആശുപത്രി ചികിത്സയ്ക്കും കേസ് ഫയല്‍ ചെയ്യുന്നതിനും പുരുഷന്മാരുടെ പിന്തുണ വേണം. സൗദി സ്ത്രീകള്‍ പുരുഷ മേധാവിത്വത്തിന് കീഴില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പുരുഷ കേന്ദ്രീകൃത രക്ഷാകര്‍തൃത്വത്തിനെതിരെ സൗദി സ്ത്രീകള്‍ കാംപയിനുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ അന വലീയത്തു നഫ്‌സീ (ഞാന്‍ തന്നെ എന്റെ രക്ഷിതാവ്) എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സൗദി വനിതകള്‍ കൂട്ടമായി സ്വാതന്ത്ര്യത്തിനായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പുരുഷ മേധാവിത്വത്തിനെതിരായ മാസ് പെറ്റീഷനില്‍ ഒപ്പുവെച്ചവര്‍ സ്വന്തം പേര് വെളിപ്പെടുത്താനും ധൈര്യം കാണിച്ചു. എന്നാല്‍ ഭൂരിഭാഗം പേരും പേര് പറയാന്‍ തയ്യാറായില്ല. കാപംയിനെ പിന്തുണച്ച് 2500ഓളം വനിതകളാണ് രാജാവിന്റെ ഓഫീസിലേക്ക് നേരിട്ട് ടെലഗ്രാം സന്ദേശമയച്ചത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് വിലക്കുള്ള സൗദിയില്‍ സ്വന്തമായി കാറോടിച്ച് ശ്രദ്ധനേടിയ സൗദിയിലെ വനിത ആക്ടീവിസ്റ്റായ അസീസാ അല്‍ യൂസഫാണ് പെറ്റീഷന്‍ അധികാരികള്‍ക്ക് നേരിട്ട് കൈമാറിയത്. കാംപയിന് ലഭിച്ച പ്രതികരണത്തില്‍ അഭിമാനിക്കുന്നതായി അവര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഒന്നുമില്ലെന്നും അകതുകൊണ്ടുതന്നെ ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് ഭയമില്ലെന്നും അസീസ പറഞ്ഞു.അതേസമയം, കാംപയിനെതിരെ ഒരു വിഭാഗം സൗദി വനിതകള്‍ എതിര്‍പ്രചാരണവുമായും രംഗത്തുണ്ട്. #TheGuardianshipIsForHerNotAgainstHer എന്ന ഹാഷ്ടാഗുമായാണ് രാജ്യത്തെ പുരുഷ മേധാവിത്വ രീതിയെ പിന്തുണച്ച് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍ കാംപയിന്‍ തുടങ്ങിയത്.