അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉബേര്‍ ടെക്നൊളജി എന്ന കമ്പനിയുടെ ടാക്‌സിയില്‍ വീണ്ടും ലൈംഗികപീഡനശ്രമം. മൊബൈല്‍ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ ബലമായി ചുംബിക്കാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചെന്നാണു പരാതി. ഇതേത്തുടര്‍ന്ന് ഡ്രൈവറെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞമാസമാണു സംഭവംനടന്നത്. ഗുഡ്ഗാവിലേക്കുള്ള യാത്രയ്ക്കിടെ നര്‍ത്തകി ആയ സഹോദരിക്കു നേരെ മാനഭംഗശ്രമമുണ്ടായെന്ന് യുവാവാണു പരാതിനല്‍കിയത്. പോലീസിനും ഉബേര്‍ കമ്പനിക്കും പരാതിനല്‍കിയിരുന്നു. എന്നിട്ടും നടപടിയൊന്നുമില്ലാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം ഉബേറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരാതി പ്രസിദ്ധീകരിച്ചു. മെയ് 30ന് ആണ് പോസ്റ്റിട്ടത്. ഇതോടെയാണു നടപടിയുണ്ടായത്. ടാക്‌സിയോടിച്ചിരുന്ന വിനോദ് എന്ന ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തതായി കമ്പനി അറിയിച്ചു. ബലമായി കയ്യില്‍ ചുംബിക്കുകയും വീണ്ടും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ആയിരുന്നു. ഡ്രൈവറില്‍നിന്നു കുതറിമാറി അവര്‍ രക്ഷപ്പെട്ടു. 2014 ഡിസംബറിലാണ് വസന്ത് വിഹാറില്‍നിന്ന് രാത്രി വീട്ടിലേക്കു പോകാനായി ഉബേര്‍ ടാക്‌സിയില്‍ കയറിയ ഇരുപത്തിനാലുകാരി ബലാത്സംഗംചെയ്യപ്പെട്ടത്. ഈ സംഭവത്തില്‍ ഡ്രൈവര്‍ ശിവ്കുമാര്‍ യാദവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.ബലാത്സംഗത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി ഉബേറുള്‍പ്പെടെയുള്ള വെബ് അധിഷ്ഠിത ടാക്‌സി സര്‍വീസുകള്‍ ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം വകവെയ്ക്കാതെ ഇപ്പോഴും ഇവയുടെ സേവനം തുടരുന്നുണ്ട്.