സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷാ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ശശിധരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.1500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അസം സ്വദേശി അമീറുള്‍ ഇസ്ലാം ഏക പ്രതിയായാണ് കുറ്റപത്രം. ലൈംഗിക താല്‍പര്യം മാത്രമാണ് കൊലക്കു പിന്നിലെന്നും കുറ്റപത്രത്തിലുണ്ട്.

1500 പേജുകളുള്ള കുറ്റപത്രത്തില്‍ 125 രേഖകള്‍, 195 സാക്ഷി മൊഴികള്‍, നാല് ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളച്ചിട്ടുണ്ട്. കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടയാളാണ് അമിറുള്‍ എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

കുറ്റസമ്മത മൊഴി വിശദമായി വിലയിരുത്തി സംശയത്തിന് ഇടനല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജിഷയോടുള്ള ലൈംഗിക താത്പര്യം മാത്രമാണ് കൊലപാതകത്തിലെത്തിയതെന്നത് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശമാണ്

21 ലക്ഷം ഫോണ്‍കോളുകളും 5000 പേരുടെ വിരലടയാളവും പൊലീസ് പരിശോധിച്ചിരുന്നു. പ്രതിക്ക് ജാമ്യം കിട്ടുന്നത് തടയാന്‍ 90 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ തിരക്കിട്ട് ഉറക്കം കളഞ്ഞാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതെന്നും എസ് പി വിവരിച്ചു.

സംഭവ ദിവസം പ്രതി ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തി തിരിച്ചുപോയതു വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അതൊഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ച കഥകളിലേറേയും കെട്ടുകഥകളാണെന്നും എസ് പിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നു.

കുളക്കടവില്‍ ജിഷ പോയിട്ടില്ലെന്നും പ്രതിയുടെ പല്ലുകള്‍ക്കിടയില്‍ വിടവുകള്‍ ഉണ്ടായി എന്ന് പറയുന്നത് കെട്ടുകഥ മാത്രമാണെന്നും എസ് പി വിശദീകരിച്ചു. ജിഷ വീട്ടില്‍നിന്ന് അകലെ പോയിട്ടില്ല. ജിഷയുടെ പെന്‍കാമറയില്‍ ചിത്രങ്ങളില്ല. ഇതാണ് ആരെയും വീട്ടില്‍ കയറ്റാന്‍ പറ്റാത്തതെന്ന് ജിഷ പറഞ്ഞിട്ടില്ല. അനാറുള്‍ ഇസ്ലാം എന്ന സുഹൃത്തും പ്രതിക്കില്ലെന്ന് എസ്പി വ്യക്തമാക്കി. ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി കുടിപ്പിച്ചതാണ്. വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ അംശങ്ങളാണ് ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയത്.

അതേസമയം, കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നത് പൊലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ച സംഘവും രണ്ടാമത്തെ സംഘവും പരസ്പര വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ജിഷയുടെ ശരീരത്തില്‍ കണ്ട കടിയുടെ പാടുകളെക്കുറിച്ചാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കടിയേറ്റ പാടുകള്‍ പരിശോധിച്ച് പ്രതിയുടെ മുന്‍നിരയിലെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. പല്ലിലെ വിടവ് കണ്ടെത്താന്‍ പ്രദേശവാസികളായ പലരെയും പച്ചമാങ്ങയില്‍ കടിപ്പിച്ച് പൊലീസ് തെളിവ് ശേഖരിക്കാന്‍ ശ്രമിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും