സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

സ്ത്രീപുരുഷാനുപാതം ആശങ്കാകുലം


ഇന്ത്യയിൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശങ്ക ഉയർത്തുന്നു . മനുഷ്യരിൽ സ്ത്രീപുരുഷാനുപതം 100: 100 അല്ല, 105: 100 ആണ്. അതായത് 100 പെണ്‍കുഞ്ഞുങ്ങൾക്ക് 105 ആണ്‍കുഞ്ഞുങ്ങൾ . എന്തുകൊണ്ട് അഞ്ച് ആണ്‍കുഞ്ഞുങ്ങൾ കൂടുതൽ ഉണ്ടാകുന്നു എന്നതിന് കൃത്യമായ കാരണം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. പല വിദഗ്ധരും പല പഠനങ്ങളും ഇത് സംബന്ധിച്ച് നടത്തിയിട്ടുണ്ട്. ആണ്‍ കുഞ്ഞുങ്ങൾക്ക്‌ പ്രതിരോധശേഷി കുറവാണെന്നും അതിനാൽ  ആണ്‍കുഞ്ഞുങ്ങൾ മരണപ്പെടാൻ സാധ്യത കൂടുതലാണെന്നും പൊതുവെ അംഗീകരിക്കപെട്ടിട്ടുണ്ട് . ഇക്കാരണത്താൽ  പ്രകൃതി തന്നെ അഞ്ചു ആണ്‍കുട്ടികളെ കൂടുതൽ സൃഷ്ടിക്കുന്നുവെന്ന് പറയാറുണ്ട്. എന്തായാലും ആണ്‍ പെണ്‍ അനുപാതം പ്രകൃത്യാ സമതുലിതമാണെന്നു ചുരുക്കം. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ ചുവടു പിടിച്ച് ഫിഷർ എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ ഈ മേഖലയിൽ നടത്തിയ ശ്രദ്ധേയമായ പഠനങ്ങൾ പ്രകൃതി നിയമം ആണ്‍- പെണ്‍ സന്തുലിതാവസ്ഥ ആണെന്ന് സ്ഥാപിച്ചിട്ടുണ്ട്.
 എന്നാൽ സമൂഹം പരിണമിച്ചു ഇന്നത്തെ അവസ്ഥയിൽ എത്തിയപ്പോൾ ചില പ്രദേശങ്ങളിൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞിരിക്കുന്നതായി കണ്ടു വരുന്നു. പരിശോധനയിൽ വ്യക്തമാകുന്നത് മറ്റു പല പ്രശ്നങ്ങളും എന്ന പോലെ ഇതിനും കാരണം മനുഷ്യന്റെ തെറ്റായ ഇടപെടൽ ആണെന്നാണ് . ആണ്‍ പെണ്‍ എണ്ണത്തിലുള്ള പ്രകടമായ വ്യത്യാസം ജൈവശാസ്ത്രപരമല്ല മറിച്ച് സമൂഹ്യമാണ്.  അതുകൊണ്ടാണ് ഏതൊരു സമൂഹത്തെയും വിലയിരുത്തുന്ന പ്രധാന സൂചകമായി സ്ത്രീ-പുരുഷ അനുപാതം ആധുനിക സാമൂഹ്യ ശാസ്ത്രജ്ഞർ അംഗീകരിച്ചത്. സ്ത്രീയുടെ പദവി ഉയർന്നിരിക്കുന്ന പ്രദേശങ്ങളിൽ സ്ത്രീകളുടെ എണ്ണവും കൂടുതൽ ആയിരിക്കും. മുതലാളിത്ത വികസനം ത്വരിതഗതിയിൽ നടന്ന പാശ്ചാത്യ വികസിത രാജ്യങ്ങളായ അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റും ജനന സമയത്ത് ലിംഗാനുപാതം 100- 105 ആയിരിക്കുകയും പ്രായം കൂടുന്നതിന് അനുസരിച്ച് പുരുഷന്മാരുടെ എണ്ണം ക്രമേണ കുറഞ്ഞു വരുകയുമാണ്  ചെയ്യുന്നത്. ആസ്ത്രേലിയയിൽ ഇത് 100-100 ആണെന്ന് കാണാം. 
ഒരു രാജ്യത്തിന്റെ വളർച്ചയുടേയും പുരോഗതിയുടേയും സൂചന ലഭിക്കുന്ന നിർണായകമായ സ്ഥിതി വിവര കണക്കായി ലിംഗാനുപാതത്തെ  അംഗീകരിക്കുമ്പോൾ ഇന്ത്യ എവിടെ നിൽക്കുന്നു എന്ന പരിശോധന പ്രസക്തമാകുന്നു. 
2011 സെൻസസ് പ്രകാരം ഇന്ത്യയുടെ സ്ത്രീപുരുഷനുപാതം 943- 1000 ആണ് . അതായതു 1000 പുരുഷന് 943 സ്ത്രീകൾ . കുട്ടികളുടെ ലിംഗനുപതത്തിൽ ആകട്ടെ ക്രമാനുഗതമായി കുറവാണു സംഭവിക്കുന്നത്‌. 1981 ൽ  962, 1991 ൽ  945, 2001 ൽ 927 , 2011 ൽ 919. ഇന്ത്യയിൽ പെണ്‍കുഞ്ഞുങ്ങളോടുള്ള സമീപനമാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നത്.  പെണ്‍ഭ്രൂണഹത്യയും ആണ്‍കുട്ടിഭ്രമവും പെണ്‍കുട്ടികളുടെ എണ്ണം കുറക്കുന്നു. സ്ത്രീധനത്തിനെതിരെ നിയമം ഉണ്ടെങ്കിലും പെണ്‍കുട്ടിയുടെ വിവാഹം നടക്കണമെങ്കിൽ കോടികൾ മുടക്കേണ്ടി വരുന്നു. അതുകൊണ്ടാണ് ' ഇപ്പോൾ 5000 ചിലവാക്കി ഭാവിയിൽ 5 ലക്ഷം ലഭിക്കൂ ' എന്ന് അനധികൃത ഗർഭ ഛിദ്ര ക്ലിനിക്കുകൾ പരസ്യപെടുത്തുന്നത്. പെണ്‍കുട്ടി ഭാരവും ബധ്യതയുമാണെന്ന ചിന്ത ഇപ്പോഴും ഇന്ത്യക്കാർ വെച്ച് പുലര്ത്തുന്നു. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുവാൻ വളരെ ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചപ്പോൾ അതും സ്ത്രീയുടെ ജീവന് ഭീഷണി ആയി മാറി. ഗർഭഛിദ്രം ഇന്ത്യയിൽ അനുവദിച്ചിട്ടുണ്ട്. അഞ്ചു മാസത്തിനകം ഗർഭം അലസിപ്പിക്കണം എന്നും നിയമം പറയുന്നു. ഈ നിയമമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ നിന്നും 'അപ്രത്യക്ഷരാകുന്ന പെണ്‍കുട്ടികൾ' ലോകശ്രദ്ധയെ ആകർഷിച്ചിരിക്കുന്ന ഒരു പ്രശ്നം ആണ് ഇപ്പോൾ. ഭ്രൂണാവസ്ഥയിൽ തന്നെ കൊലപ്പെടുത്തുന്നതിന് പുറമേ ജനിച്ച കുഞ്ഞിനോടുള്ള സമീപനവും അപകടകരമാണ്. പെണ്‍കുട്ടിക്ക് വേണ്ടത്ര പരിചരണം ലഭിക്കാതിരിക്കുന്നതും അവളുടെ ആയുസ്സിനു ഭീഷണി ആകുന്നു. രോഗം വരുന്ന പെണ്‍കുട്ടിയോടും ആണ്കുട്ടിയോടും വ്യത്യസ്ത സമീപനം ആണ് രക്ഷിതാക്കൾ പുലർത്തുന്നത് . 'ആണ്‍കുട്ടിയെ കരയിക്കരുത്" എന്നും പെണ്ണായാൽ കരയണം എന്നും ആണ് നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത്‌. കുടുംബം പുലർത്താൻ ആണ്‍കുട്ടിയും മരിക്കുമ്പോൾ കരയാൻ പെണ്‍കുട്ടിയും എന്നാണ് പറയാറുള്ളത്. 21 -ആം നൂറ്റാണ്ടിലും ഈ രീതികൾക്ക് വലിയ മാറ്റം ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. ആണിന് അമിതമായ അധികാരവും പരിഗണനയും നൽകുന്ന കുടുംബാന്തരീക്ഷം പെണ്‍കുട്ടിയെ അവഗണിക്കുന്നു. അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കിലെടുക്കുന്നില്ല. പെണ്‍കുട്ടികൾ കുറയുന്നതിന് ഈ സാമൂഹ്യ കാരണങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഹരിയാനയിൽ ആണ് സ്ത്രീകള് ഏറ്റവും കുറവ്.877 സ്ത്രീകളാണവിടെ 1000 പുരുഷന്മാർക്കുള്ളത് . കേരളത്തിൽ ആകട്ടെ ലിംഗാനുപാതം 1084 ആണ്. അടുത്തയിടെയായി കേരളത്തിൽ ഹരിയനാവിവാഹങ്ങൾ കൂടുന്നതിന്റെ ഒരു കാരണം ഇതാണ്. സ്ത്രീധനം ഇല്ലാതെ കേരളത്തില നിന്നും പെണ്‍കുട്ടികളെ ഹരിയാനയിലെ ഗ്രാമങ്ങളിലേക്ക് വിവാഹം ചെയ്തു കൊണ്ട് പോകുകയും അവിടെ പെണ്‍കുട്ടികള്‍ നരകതുല്യമായ ജീവിതം നയിക്കേണ്ടി വരുകയും ചെയ്യുന്നു.
 ലിംഗാനുപാതത്തിൽ കേരളം മെച്ചപെട്ട സ്ഥിതിയിൽ ആയിരിക്കുന്നതിനു നിരവധി സാമുഹ്യ സാമ്പത്തിക കാരണങ്ങൾ  ഉണ്ട്. സ്ത്രീക്ക് സ്വത്തവകാശം ഉള്ള മാതൃദായ ക്രമം ചില സമുദായങ്ങളിൽ എങ്കിലും കേരളത്തിൽ ഉണ്ടായിരുന്നു. അവർക്കിടയിൽ കുടുംബം നിലനിർത്തുന്ന സന്തതി പെണ്‍കുട്ടി ആണ്. പണ്ട് നായർ കുടുംബങ്ങളിൽ പെണ്‍കുട്ടി ഇല്ലെങ്കിൽ ദത്തെടുത്തു കൊണ്ട് വരുമായിരുന്നു. പൊതുവിൽ കേരളത്തിൽ സ്ത്രീകൾ സാക്ഷരരും വിദ്യാഭ്യാസം നേടിയവരും ആയിരിക്കുന്നതും കേരളത്തിലെ ഉയർന്ന രാഷ്ട്രീയ ബോധവും എല്ലാം സ്ത്രീവിരുദ്ധ പ്രവണതകൾക്ക് കഴിഞ്ഞ കാലത്ത് തട ഇട്ടിരുന്നു. എന്നാൽ 0-6 പ്രായത്തിൽ കേരളത്തിലും പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കാര്യങ്ങൾ ഇങ്ങനെ പോകുന്നത് നമ്മുടെ വികസന സങ്കൽപ്പത്തെ തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കുന്നു. സ്ത്രീപദവിയിൽ ഇന്ത്യ വളരെ താഴെ ആണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ സ്ത്രീപുരുഷ അനുപാതത്തിലെ അന്തരം. 
ഇപ്പോഴത്തെ കണക്കു അനുസരിച്ച് 50 വര്‍ഷം കഴിയുമ്പോൾ ഇന്ത്യയിലെ 15% യുവാക്കൾക്ക് ജീവിതപങ്കാളിയെ കണ്ടെത്താൻ ആവില്ലത്രെ! ഇത് മറ്റു പലതരം സാമൂഹ്യ സാംസ്‌കാരിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. 
സ്ത്രീകളുടെ എണ്ണം മനുഷ്യനിർമിത കാരണങ്ങളാൽ കുറയുന്നത് ഒരു ആധുനികരാഷ്ട്രത്തിനും അഭിമാനകരമല്ല. പുരോഗതിയിലേക്ക് 'കുതിക്കുമ്പോൾ' ആ സമൂഹത്തിലെ സ്ത്രീയുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന വിലയിരുത്തൽ കൂടി വേണം. നിലവിലുള്ള നിയമം ശരിയായി നടപ്പില്‍ വരുത്താനും പെണ്‍കുട്ടിക്ക് എല്ലാ പൌരാവകാശങ്ങളും ഉറപ്പു വരുത്തുകയും വേണം. വളരെ ബോധാപുര്വമായ പ്രവർത്തനങ്ങളിലൂടെ സ്ത്രീപക്ഷമായ സംസ്കാരം സൃഷ്ട്ടിക്കപ്പെടണം. വികസന അജണ്ടയിലെ പ്രധാന ഇനമായി ലിംഗനീതി ഉൾപ്പെടുത്തണം . അല്ലെങ്കിൽ പെണ്ണില്ലാരാജ്യമായി ഇന്ത്യ മാറും .



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും