സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശശികല ടീച്ചറുടെ അഭിപ്രായത്തെ പരിഹസിച്ച് വി.ഡി സതീശന്‍

വിമെന്‍ പോയിന്‍റ് ടീം

മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് വാമനനെന്ന ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ്  ശശികല ടീച്ചറുടെ പ്രസ്താവനയില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍.

കള്ളവും ചതിയും കള്ളപ്പറയും ഇല്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണയില്‍ ഓണം വീണ്ടും ആഘോഷിക്കാന്‍ മലയാളി ഒരുങ്ങുമ്പോള്‍, ആ ഐതീഹ്യത്തെയെല്ലാം തള്ളിപ്പറഞ്ഞു കൊണ്ട് പുതിയൊരു മിത്ത് മുന്നോട്ടു വയ്ക്കുകയാണ് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ്  ശശികല.മഹാബലിക്ക് ഓണത്തില്‍ റോള്‍ ഇല്ല, മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് വാമനന്‍ എന്ന് ആണ് പുതിയ ഐതീഹ്യം. കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിച്ചു തള്ളാന്‍ തോന്നുമെന്ന് വി.ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഈ പ്രസ്താവനയെ പര്‍വ്വതീകരിക്കെണ്ടാതുണ്ടോ എന്നൊരു വാദമുണ്ട്. സംഘപരിവാറിന്റെ ഭാഗമായ ഒരു സംഘടനയാണ് ഹിന്ദു ഐക്യ വേദി. ബി.ജെ.പി.യുടെ രാഷ്ട്രീയത്തെ നേരിട്ട് നിയന്ത്രിക്കുന്ന സംഘടന കൂടെയാണ് ഹിന്ദു ഐക്യ വേദി.

ബി.ജെ.പി.യുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കുന്നതിനായിട്ടാണ് സംസ്ഥാന നേതാക്കന്മാരുടെ എതിര്‍പ്പ് പോലും അവഗണിച്ചു ബി.ജെ.പി. കേന്ദ്രനേതൃത്വം ഹിന്ദു ഐക്യ വേദിയുടെ നേതാവായ കുമ്മനം രാജശേഖരനെ ബി.ജെ.പി. അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത്,  വി.ഡി സതീശന്‍ കുറിച്ചു.

നിലവിലും ശശികല സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം രാജശേഖരന്‍ . അങ്ങനെയെങ്കില്‍ സ്വന്തം പ്രസിഡന്റ് പറയുന്ന അഭിപ്രായത്തോട് ജനറല്‍ സെക്രട്ടറിയായ കുമ്മനം യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

മതങ്ങള്‍ക്കും ജാതികള്‍ക്കുമെല്ലാം അപ്പുറത്ത് മലയാളി എന്ന വികാരത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഈ നിലപാടിനോട് ‘കുമ്മനം’ എന്ന ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായവും ബി.ജെ.പി.യുടെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജശേഖരന്റെ അഭിപ്രായവും ഒന്നാണോ എന്ന് മലയാളിക്ക് അറിയാന്‍ അവകാശമുണ്ട്. സവര്‍ണ്ണ മേധാവിത്വത്തിന്റെ ലാഞ്ചനയുള്ള ഒരു നടപടിയും കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ കുമ്മനം ഇതില്‍ പ്രതികരിച്ചേ മതിയാകൂ എന്നും വി.ഡി സതീശന്‍  അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ ഒരു പ്രസ്താവന ഈ സമയത്ത് എങ്ങനെ ഉണ്ടായി എന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അസുരഗണത്തില്‍ പെട്ട മഹാബലിയുടെ സദ്ഭരണത്തില്‍ ഉയരുന്ന ജനപ്രീതിയില്‍ ഇന്ദ്രന് അസൂയ ജനിക്കുകയും അങ്ങനെ മഹാബലിയെ ഇല്ലാതെയാക്കാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായി വാമനനായി വന്നു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നുമാണല്ലോ ഐതീഹ്യം.

കഴിഞ്ഞ ദിവസങ്ങളില്‍ മഹാബലിയെ പൂണൂല്‍ ഇട്ട് കുടവയറനും കോമാളിയായും ചിത്രീകരിക്കുന്നതിനെ വിമര്‍ശിച്ച് മഹാബലി ഒരു അസുരരാജാവായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന വിധം ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വരികയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. അതിനെതിരെയുള്ള ഒരു സവര്‍ണ്ണ മനോഭാവത്തിന്റെ അസഹിഷ്ണുതയാണ് ശശികല ഇത്തരത്തില്‍ ഒരു വിചിത്ര വാദവുമായി നടത്തിയിരിക്കുന്ന പ്രസ്താവനയെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ഇതിന് ഒരു രാഷ്ട്രീയമുണ്ട്. സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന സവര്‍ണ്ണ രാഷ്ട്രീയം. ഇത് ജനങ്ങളുടെ മനസ്സിലേക്ക് കടത്തി വിടുന്നതിനുള്ള ഗൂഡാലോചനയാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെന്നും വി.ഡി സതീശന്‍  അഭിപ്രായപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും