സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭവന രഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിനും പാര്‍പ്പിടംഃ ജെ. മേഴ്‌സിക്കുട്ടിയമ്മ

വിമെന്‍ പോയിന്‍റ് ടീം

തീരദേശത്തെ ഭവന രഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിനും മൂന്നുവര്‍ഷത്തിനകം പാര്‍പ്പിടം നിര്‍മ്മിച്ച് നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.  വെള്ളവും വെളിച്ചവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുക. മത്സ്യത്തൊഴിലാളി ഭവന സബ്സിഡി അടുത്ത വര്‍ഷം മുതല്‍ മൂന്നു ലക്ഷമാക്കും. രണ്ടു ലക്ഷം രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലത്തിനും വീടിനുമായി പത്തു ലക്ഷം രൂപ അനുവദിക്കും.  മത്സ്യത്തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി തയ്യില്‍ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തീരദേശ റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കും.  മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും സൗകര്യവും  കണക്കിലെടുത്ത് സംസ്ഥാനത്തെ 24 ഹാര്‍ബറുകളും  പുനഃക്രമീകരിക്കും. സംസ്ഥാനത്തെ ഒമ്പത് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മത്സ്യലഭ്യത കൂട്ടുന്നതിന് പദ്ധതി ആവിഷ്കരിക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളെ പൊതുധാരയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും.

സംസ്ഥാനത്തെ പത്തു ഫിഷറീസ് സ്കൂളുകളുടെ ഹോസ്റ്റല്‍ സൗകര്യം മെച്ചപ്പെടുത്തും. ഈ സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനാല്‍ വീട്ടില്‍നിന്ന് പോയി വരുന്ന കുട്ടികള്‍ക്കുകൂടി അടുത്ത വര്‍ഷം പ്രവേശനം നല്‍കും. അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്കും പ്രവേശനം നല്‍കും.  വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ്  സ്കൂള്‍ തുറക്കുമ്പോള്‍ കൊടുക്കാനാണ് തീരുമാനം. അത് നടപ്പായി തുടങ്ങിയിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ് അടുത്ത വര്‍ഷംമുതല്‍ കാര്യക്ഷമമാക്കും. കുടിശ്ശികയുള്ളതിനാല്‍ ഈ വര്‍ഷം തുടക്കത്തില്‍ സ്റ്റൈപെന്‍ഡ് കൊടുക്കാന്‍ പ്രയാസമുണ്ട്.

മത്സ്യത്തൊഴിലാളികളുടെ 31 കോടി രൂപയുടെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍  600 രൂപയില്‍നിന്ന് ആയിരമാക്കിയിരുന്നു. നാലുമാസമായി വര്‍ധിപ്പിച്ച പെന്‍ഷനാണ് നല്‍കുന്നത്. സെപ്തംബറിലെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും