സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

വിമെന്‍ പോയിന്‍റ് ടീം

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും അഗതികളുടെ അമ്മയായ മദര്‍ തെരേസ ഇനി അറിയപ്പെടുക.കൊല്‍ക്കത്തയിലെ ചേരികളില്‍ 45 വര്‍ഷത്തോളം അഗതികളെ ശുശ്രൂഷിച്ച മദര്‍ മരിച്ച് 19 വര്‍ഷത്തിന് ശേഷമാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

ലോകത്തെമ്പാടുനിന്നുമെത്തിയ ഒരു ലക്ഷത്തോളം ആളുകള്‍ മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനച്ചടങ്ങിന് സാക്ഷ്യം വഹിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് കുര്‍ബാന നടന്നത്.

ബലിപീഠത്തില്‍ മാര്‍പ്പാപ്പ ഇരുന്നതോടെയാണ് നാമകരണനടപടിയുടെ ഔദ്യോഗികചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധപദവിനാമകരണത്തിനുള്ള തിരുസംഘത്തിന്റെ തലവന്‍ ആഞ്ചെലോ അമാത്തെയും പോസ്റ്റുലേറ്ററായി പ്രവര്‍ത്തിച്ച ഫാ. ബ്രയാന്‍ കൊളോഡിഷകും മദറിനെ വിശുദ്ധപദവിയിലേക്കുയര്‍ത്തണമെന്ന് മാര്‍പ്പാപ്പയോട് അഭ്യര്‍ഥിച്ചു.

മദറിന്റെ മധ്യസ്ഥതയില്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് അത്ഭുതങ്ങളും കത്തോലിക്ക സഭ അംഗീകരിച്ചതായും മാര്‍പ്പാപ്പയെ അറിയിച്ചു. തുടര്‍ന്ന് നാമകരണനടപടിയുടെ ഭാഗമായുള്ള പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. ഇതിന് ശേഷമായിരുന്നു വിശുദ്ധപദവി പ്രഖ്യാപനം. മദറിന്റെ തിരുശേഷിപ്പ് വണങ്ങലും ചടങ്ങിന്റെ ഭാഗമായി നടന്നു.

വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ എം.പിമാരായ കെ.വി. തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ ഉള്‍പ്പെട്ട ഔദ്യോഗികസംഘം ചടങ്ങുകളില്‍ പങ്കെടുത്തു.മിഷനറീസ് ഓഫ് ചാരിറ്റിയെ പ്രതിനിധീകരിച്ച് അന്‍പതോളം കന്യാസ്ത്രീകളും ചടങ്ങിന് സാക്ഷിയായി. നാളെ മദര്‍ തെരേസയുടെ 19-ാം ചരമവാര്‍ഷികദിനമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും