മലയാളി അത്ലീറ്റ് ഒ പി ജെയ്ഷയ്ക്കെതിരെ പരിശീലകന്‍ നിക്കോളായ് സ് നസരേവ്. ഒളിമ്പിക്സ് മത്സരത്തിനിടെ വെള്ളം നല്‍കാത്തതിനുപിന്നില്‍ നിക്കോളായ് ആണെന്ന് ജെയ്ഷ കുറ്റപ്പെടുത്തിയിരുന്നു. പരിശീലകനെ മാറ്റിയില്ലെങ്കില്‍ കളിനിര്‍ത്തുമെന്നും കഴിഞ്ഞദിവസം ജെയ്ഷ പ്രഖ്യാപിച്ചു. എന്നാല്‍ ജെയ്ഷയുടെ വാദങ്ങളില്‍ കഴമ്പില്ലെന്ന് നിക്കോളായ് പ്രതികരിച്ചു. വെള്ളവും ലഘുപാനിയങ്ങളും വേണ്ടെന്നത് ജെയ്ഷയുടെ നിലപാടായിരുന്നുവെന്നും മത്സരം കഴിഞ്ഞപ്പോള്‍ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും നിക്കോളായ് പറഞ്ഞു. റിയോ ഒളിമ്പിക്സ് മാരത്തണ്‍ മത്സരത്തിനുശേഷം ജെയ്ഷ കുഴഞ്ഞുവീണതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇന്ത്യന്‍ ടീം അധികൃതര്‍ സഹായത്തിന് എത്തിയില്ലെന്നായിരുന്നു ജെയ്ഷ തുടക്കത്തില്‍ പറഞ്ഞത്. ഇക്കാര്യം ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ തള്ളി. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ജെയ്ഷ പരിശീലകന്‍ നിക്കോളായ്ക്കെതിരെ തിരിഞ്ഞു. തനിക്ക് വെള്ളവും ലഘുപാനിയവും ഒരുക്കാത്തതിനുപിന്നില്‍ നിക്കോളായ്ക്ക് പങ്കുണ്ടെന്ന് ജെയ്ഷ പറഞ്ഞു. ഈ പരിശീലകനെക്കുറിച്ച് നേരത്തെതന്നെ ആരോപണങ്ങളുണ്ട്. ബെലറൂസുകാരനായ നിക്കോളായ്യെക്കുറിച്ച് മുമ്പും ജെയ്ഷ പരാതിപ്പെട്ടിട്ടുണ്ട്. മാരത്തണ്‍ മത്സരങ്ങളില്‍ ജെയ്ഷ ഒരിക്കല്‍പ്പോലും ലഘുപാനിയങ്ങള്‍ ആവശ്യപ്പെടാറില്ലെന്ന് നിക്കോളായ് പറഞ്ഞു. റിയോവില്‍ മത്സരത്തിന് ഒരുദിവസം മുമ്പാണ് ജെയ്ഷയോട് ലഘുപാനിയങ്ങള്‍ ഒരുക്കണമൊ എന്ന കാര്യം ചോദിച്ചത്. അത്ലറ്റിക് ടീം കോച്ച് പി രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇത്. എന്നാല്‍ തനിക്ക് അത്തരം സംവിധാനങ്ങള്‍ ഒരുക്കേണ്ടെന്ന് ജെയ്ഷ മറുപടി നല്‍കി. സംഘാടകര്‍ നല്‍കുന്ന വെള്ളം മാത്രം മതിയെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് കോച്ച് രാധാകൃഷ്ണനോട് ഇക്കാര്യം വ്യക്തമാക്കി. ലഘുപാനിയങ്ങള്‍ ഒരുക്കിയില്ല. ഒളിമ്പിക്സ് പരിശീലന ഘട്ടത്തിലൊ മറ്റു മത്സരങ്ങളിലൊ അവര്‍ വെള്ളം മാത്രമെ ഉപയോഗിക്കാറുള്ളൂ– നിക്കോളായ് പറഞ്ഞു. അതിനിടെ ഫെഡറേഷന്‍ അധികൃതരുടെ വീഴ്ചയുണ്ടായില്ലെന്ന് ജെയ്ഷയുടെ സഹതാരം കവിത റാവത്ത് കഴിഞ്ഞദിവസം വ്യക്തമാക്കി. ഒഫീഷ്യല്‍സ് സഹായം ഒരുക്കണമോ എന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു. താനായിട്ട് അത് വേണ്ടെന്നുവച്ചു. സംഘാടകര്‍ നല്‍കുന്ന വെള്ളം മതിയെന്നും മറുപടി നല്‍കി. പിന്നാലെ ഒഫീഷ്യല്‍സിനെ കാര്യമായി കുറ്റപ്പെടുത്താതെ ജെയ്ഷയും രംഗത്തെത്തി. പരിശീലകനെതിരെ തിരിയുകയും ചെയ്തു.മത്സരത്തില്‍ 89–ാം സ്ഥാനത്താണ് ജെയ്ഷ ദൂരം പൂര്‍ത്തിയാക്കിയത്.