പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുള്ള അവകാശത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയ പാകിസ്ഥാനിലെ മലാല യൂസഫ് സായിയെ ആക്രമിച്ച സംഭവത്തില്‍ 10 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. എന്നാല്‍ ആക്രമണത്തിന്റെ സൂത്രധാരനായി കരുതുന്ന 23 കാരനായ അതാവുള്ള ഖാൻ ഇവരില്‍ ഉള്‍പ്പെടുന്നില്ല. സ്വാത് ഭീകര വിരുദ്ധ കോടതിയുടെതാണ് വിധി. 2012 ലാണ് മലാലയെ പാക് താലിബാന്‍ ഭീകരര്‍ വെടി വച്ച് പരിക്കേല്‍പ്പിച്ചത് . കഴിഞ്ഞ വര്‍ഷത്തെ സമാധാന നോബല്‍ സമ്മാനം ലഭിച്ച മലാലക്ക് 15 വയസ്സുള്ളപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഭീകരര്‍ മലാലയുടെ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ബ്രിട്ടനിലെത്തിച്ച മലാലയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ ബല്‍മിങ്ങ്ഹാമിലാണ് മലാലയും കുടുംബവും താമസിക്കുന്നത്.