കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആംബുലന്‍സുകളില്‍ ജോലി ചെയ്തിരുന്ന ഏതാണ്ട് 100 ലധികം നഴ്‌സുമാരെ പിരിച്ചുവിടാന്‍ ആംബുലന്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത കമ്പനി തീരുമാനിച്ചു. ഇതില്‍ 32 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കമ്പനിയുമായുള്ള കരാര്‍ ഈ വര്‍ഷം പുതുക്കേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചതാണ് പുതിയ സംഭവങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ഈ കമ്പനിയില്‍ ജോലിക്കെത്തുന്നത്. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ കരാറാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചതനുസരിച്ച് റിക്രൂട്ടിംങ് ഏജന്‍സികള്‍ ഏതാണ്ട് 7 ലക്ഷം രൂപ വാങ്ങിച്ചാണ് നഴ്‌സുമാരെ കുവൈത്തിലെത്തിച്ചിരിക്കുന്നത്. ഇന്ത്യക്കാരെ കൂടാതെ ഫിലിപ്പൈന്‍,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ നഷ്ടമായിട്ടുണ്ട്. കമ്പനിയുടെ കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് മൂന്നുമാസങ്ങളള്‍ക്ക് മുന്‍പ് തന്നെ വിവരം നഴ്‌സുമാരെ അറിയിച്ചിരുന്നതായും ആഗസ്റ്റ് മാസം വരെയുള്ള ശമ്പളം ഇവര്‍ക്ക് നല്‍കുമെന്നാണ് കമ്പനിയുടെ വിശദീകരണം. ഏതായാലും ജോലി നഷ്ടപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ദയില്‍പ്പെടുത്തിയിട്ടുണ്ട്.