കാലിടറി വീണ ന്യൂസിലാന്‍ഡ് താരത്തിന് കൈത്താങ്ങായത് ട്രാക്കിലെ എതിരാളി അമേരിക്കന്‍ താരം.റിയോ കണ്ട ഏറ്റവും ആവേശകരവും മനുഷ്യത്വപരവുമായ നിമിഷങ്ങളിലൊന്നിനാണ് വനിതകളുടെ 5000 മീറ്റര്‍ മത്സരം സാക്ഷിയായത്. മത്സരത്തിനിടയില്‍ ട്രാക്കില്‍ കാലിടറിവീഴുന്ന താരങ്ങള്‍ സാധാരണ കാഴ്ചയാണ്. വെല്ലുവിളിയെ അതിജീവിച്ച് ഫിനിഷിങ് ലൈന്‍ തൊട്ടവരും മത്സരം പൂര്‍ത്തിയാക്കാനാകാതെ പാതിവഴിയില്‍ ഓട്ടം അവസാനിപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ റിയോയില്‍ വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്‌സില്‍ നടന്നത് ഏറ്റവും മനോഹരമായ കൈത്താങ്ങായിരുന്നു. 3000 മീറ്റര്‍ പിന്നിട്ടപ്പോള്‍ ന്യൂസിലാന്‍ഡ് താരം നിക്കി ഹാംപ്‌ലിന്‍ ട്രാക്കില്‍ കാലിടറി വീണു. ഹാംപ്‌ലിന്റെ കാലില്‍ തട്ടി അമേരിക്കയുടെ അബ്ബെ ഡയഗോസ്റ്റീനോയും വീണു. കാലിന് പരുക്കേറ്റ് വേദന കൊണ്ട് പുളയുന്ന ഹാംപ്‌ലിനെ അവിടെ വിട്ട് ഓടി ജയിക്കാന്‍ ഡയഗോസ്റ്റീന്‍ തയ്യാറല്ലായിരുന്നു. പാതിവഴിയില്‍ അവസാനിക്കുമായിരുന്ന മത്സരം ഇരുവരും പൂര്‍ത്തിയാക്കി. ആദ്യം ഓടിയെത്തിയ ഹാംപ്‌ലിന്‍ ഏറ്റവും ഒടുവില്‍ മത്സരം പൂര്‍ത്തിയാക്കിയ ഡയഗോസ്റ്റീനോയ്ക്കായി കാത്തുനിന്നു. ഒളിമ്പിക്‌സ് അസോസിയേഷന്റെ അഭിനന്ദനത്തിനൊപ്പം 3000 മീറ്റര്‍ വരെയുള്ള പ്രകടനം കണക്കിലെടുത്ത് ഇരുവര്‍ക്കും ഫൈനലിലേക്ക് യോഗ്യതയും കിട്ടി.