രണ്ടു വര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടികളുടെ വീഡിയോ പുറത്ത് വിട്ട് ബോക്കോ ഹറാം. മുഖം മറച്ച നിലയില്‍ അന്‍പതോളം കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ദൃശ്യങ്ങളില്‍ ഇവര്‍ക്ക് മുന്നില്‍ ആയുധമേന്തി നില്‍ക്കുന്ന തീവ്രവാദി കുട്ടികള്‍ക്ക് പകരമായി തടങ്കലിലുള്ള തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടു കിട്ടണമെന്നും ആവശ്യപ്പെടുന്നുണ്ട്. കുട്ടികളില്‍ കുറച്ചുപേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും 40 പേര്‍ വിവാഹിതരായെന്നും വീഡിയോയില്‍ പറയുന്നു. സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. 2014 ഏപ്രിലിലാണ് ചിബോക്കില്‍ നിന്നും 276 പെണ്‍കുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ട് പോയത്. മുസ്‌ലിംങ്ങളല്ലാത്തവരെ ഭീകരര്‍ മതപരിവര്‍ത്തനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2014 നുശേഷം 5,500 പൗരന്‍മാരെയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുള്ളത്.