സ്ത്രീകള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ യാത്ര ചെയ്യാന്‍ പാടില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹത്തിന്റെ അനുമതിയുണ്ടായിരിക്കണമെന്നും പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിക്കുന്നു. സ്ത്രീ വിവാഹശേഷം ഭര്‍ത്താവ് പറയുന്നതെല്ലാം അനുസരിക്കുന്നവളായിരിക്കണമെന്ന് ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്‌കോളര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം ഷെയ്ക്ക് അബ്ദുള്ള അല്‍ മനിയ പറഞ്ഞു. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ ഈ നിര്‍ദേശം ശരിയായ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചിരിക്കുകയും അതില്‍ തീരുമാനം വരാനിരിക്കുകയുമാണെങ്കില്‍ വിദേശ യാത്ര സംബന്ധിച്ച തീരുമാനം നിയമസംവിധാനങ്ങള്‍ക്ക് എടുക്കാമെന്നും അദ്ദേഹം അദ്ദേഹം പറയുന്നു. ഫാമിലി കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേരുവന്നാല്‍ അതിനര്‍ത്ഥം ഭര്‍ത്താവാണ് ഭാര്യയുടെ ഗാര്‍ഡിയന്‍ എന്നാണെന്ന് കിഴക്കന്‍ പ്രവിശ്യയിലെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വക്താവ് പറയുന്നു. അതുകൊണ്ടുതന്നെ യാത്രയ്ക്ക് ഭര്‍ത്താവിന്റെ അനുമതി നിര്‍ബന്ധമാണെന്നും അദ്ദേഹം പറയുന്നു.