ഗൂഗിള്‍ അക്കൗണ്ട് മാനേജരെ വനത്തിനുള്ളില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. താമസസ്ഥലത്ത് നിന്ന് ജോഗിംഗിന് പോയ 27-കാരി വെനീസാ മര്‍ക്കോട്ടിനെ വുഡ്‌ലാന്‍ഡിലെ കാട്ടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാട്ടില്‍ പൂര്‍ണനഗ്നയായി കൈകാലുകളും തലയും കത്തിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. അതേസമയം വെനീസയുടെ മരണം സ്ഥിരീകരിച്ച് ഗൂഗിള്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഒന്നര വര്‍ഷമായി വെനീസാ മര്‍ക്കോട്ട് തങ്ങളുടെ ജീവനക്കാരി ആയിരുന്നുവെന്ന് രേഖപ്പെടുത്തിയ ഗൂഗിള്‍ അവരുടെ മരണത്തില്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന വെനീസയെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. ഏഴ് മണിക്കൂറിന് ശേഷം രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ അമ്മയുടെ പ്രിന്‍സ്റ്റണിലെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം ദൂരത്താണ് മൃതദേഹം കണ്ടെത്തിയത്.