ഈജിപ്തിലെ വിവാഹിതരായ സ്ത്രീകളില്‍ 92 ശതമാനം പേരും സുന്നത്ത് കല്യാണം അഥവാ ചേലാകര്‍മം കഴിഞ്ഞവരാണ് എന്ന് റിപ്പോര്‍ട്ട്. സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയില്‍ മാറ്റം വരുത്തല്‍ (Female Genital Mutilation) എന്ന് ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്ന സുന്നത്ത് കല്യാണത്തിന്റെ ഇരകളാണ് ഭൂരിഭാഗം സ്ത്രീകളും. 9 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ളപ്പോഴാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സുന്നത്ത് കല്യാണം ചെയ്യേണ്ടിവന്നത് എന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 വയസ്സു മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളാണ് ഈ വിവരങ്ങള്‍ നല്‍കിയത്. സ്ത്രീകളിലെ സുന്നത്ത് കല്യാണം 2008 ല്‍ ഈജിപ്തില്‍ നിരോധിച്ചതാണ്. എന്നാലും രാജ്യത്തിന്റെ പല ഭാഗത്തും ഈ അനാചാരം ഇപ്പോഴും നടന്നുവരുന്നു.ലോകത്ത് ചേലാകര്‍മത്തിന് ഇരയാകുന്ന നാലില്‍ ഒരു സ്ത്രീ ഈജിപ്തില്‍ നിന്നാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ മൂന്നിലൊന്ന് മാത്രമാണ് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍വഹിക്കുന്നത്. ബാക്കി പ്രായമായ സ്ത്രീകളാണ് ചെയ്യുന്നത്. സ്ത്രീകളില്‍ ആരോഗ്യകരമായ കാരണങ്ങള്‍ക്കല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്ത്രീകളിലെ ചേലാകര്‍മം അഥവാ സുന്നത്ത് കല്യാണം എന്ന് വിളിക്കുന്നത്.പുറത്തുകാണുന്ന സ്ത്രീ ലൈംഗികാവയവങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ മുറിച്ചുമാറ്റുന്ന പ്രക്രിയയാണ് ഇത്. സ്ത്രീകളിലെ ലൈംഗിക വികാരം കുറയ്ക്കാന്‍ വേണ്ടി എന്നാണ് ഇതിന് കാരണമായി പലപ്പോഴും പറയപ്പെടുന്നത്. സ്ത്രീയുടെ വൃത്തിയില്ലാത്ത ലൈംഗിക അവയവങ്ങള്‍ ശുചിയാക്കലാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.സോമാലിയ, സുഡാന്‍, എതോപ്യ, ഈജിപ്ത്, മാലി തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളിലാണ് സുന്നത്ത് കല്യാണം ഏറ്റവും കൂടിയ അളവിലുള്ളത് 13 കോടിയിലധികം സ്ത്രീകള്‍ സുന്നത്ത് കല്യാണത്തിന് വിധേയയായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.