അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റനെതിരെ വിവാദ വിമര്‍ശനവുമായി എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഹിലരി തീവ്രവാദ സംഘടനയായ ഐഎസിന്റെ സ്ഥാപകയാണെന്ന് ട്രംപ് ആരോപിച്ചു. സ്ഥാപകയെന്ന നിലയില്‍ ഹിലരിക്ക് ഐഎസില്‍ നിന്ന് അവാര്‍ഡ് ലഭിക്കേണ്ടതാണെന്നും ട്രംപ് പരിഹസിച്ചു. ഹിലരിയോട് തോല്‍ക്കുന്നത് അപമാനകരമായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഓര്‍ലാന്‍ഡോ സംഭവം നോക്കു, സാന്‍ ബെര്‍ണാര്‍ഡിനോയിലും വേള്‍ഡ് ട്രേഡ് സെന്ററിലും ലോകത്താകമാനവും എന്താണ് സംഭവിക്കുന്നതെന്ന് നോക്കു. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഐഎസിനെ നമ്മള്‍ അനുവദിക്കുകയാണ്. ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. താനായിരുന്നു പ്രസിഡന്റെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഹിലാരി ക്ലിന്റനെ കാപട്യക്കാരിയെന്ന് വിശേഷിപ്പിച്ച ട്രംപ് അങ്ങനൊരാളോട് തോല്‍ക്കേണ്ടി വന്നാല്‍ അത അങ്ങേയറ്റം അപമാനകരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. തന്റെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഐക്യമാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി ഹിലരിയെ കാപട്യക്കാരിയെന്ന് വിശേഷിപ്പിക്കുന്ന ട്രംപ് കഴിഞ്ഞ ദിവസം അവരെ ചെകുത്താനെന്ന് വിളിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.