സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആനന്ദിബെന്‍ രാജിവച്ചു

വിമെന്‍ പോയിന്‍റ് ടീം

 ഗുജറാത്തില്‍ അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു.  ദളിത്– ന്യൂനപക്ഷവേട്ടയ്ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്ന സാഹചര്യത്തിലാണ് രാജി. ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായക്കാരുടെ പിന്തുണ നഷ്ടമായതും ബിജെപിയിലെ തര്‍ക്കങ്ങളും പൊടുന്നനെയുള്ള രാജിക്ക് കാരണമായി. എന്നാല്‍, പ്രായക്കൂടുതല്‍ കൊണ്ടാണ് രാജിയെന്നാണ് ആനന്ദിബെന്നിന്റെ വിശദീകരണം. രാജിക്കത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോലിക്ക് കൈമാറി. രാജിക്ക് അനുമതി തേടി സംസ്ഥാന അധ്യക്ഷന്‍ മുഖേന ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കും കത്തുനല്‍കി.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ 2014 മെയ് 22നാണ് ആനന്ദിബെന്‍ പട്ടേല്‍ ചുമതലയേറ്റത്. സംസ്ഥാനത്തെ ആദ്യ വനിതാമുഖ്യമന്ത്രി കൂടിയാണ് അവര്‍. നവംബര്‍ 21ന് 75 വയസ്സ് പൂര്‍ത്തിയാകുമെന്നും ഈ സാഹചര്യത്തില്‍ സ്ഥാനം രാജിവയ്ക്കാന്‍ അനുവദിക്കണമെന്നുമാണ് പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനിക്ക് കൈമാറിയ കത്തില്‍ പറയുന്നത്. സ്ഥാനങ്ങളില്‍ തുടരാന്‍ പാര്‍ടി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് പറയുന്ന കത്ത് അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്ചെയ്തു.  കത്ത് പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ അവതരിപ്പിച്ചശേഷം അന്തിമതീരുമാനമെടുക്കുമെന്ന് അമിത് ഷായും പ്രതികരിച്ചു. 1995ലാണ് ഗുജറാത്തില്‍ ആദ്യമായി ബിജെപി അധികാരത്തിലേറിയത്. 2001ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി.  രണ്ട് പതിറ്റാണ്ട് ഗുജറാത്തില്‍ ബിജെപി തുടര്‍ച്ചയായി ജയിച്ചു. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റു. ഭൂരിഭാഗം കോര്‍പറേഷനുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും പഞ്ചായത്തുകളും നഷ്ടമായി. ഗ്രാമപ്രദേശങ്ങളില്‍ പൂര്‍ണമായും തകര്‍ന്നു. ഇതോടെയാണ് ആനന്ദിബെന്നിനെതിരെ അമിത് ഷായുടെ പിന്തുണയോടെ   പടയൊരുക്കം തുടങ്ങിയത്. മോഡിയുടെ വിശ്വസ്തയാണെങ്കിലും അമിത് ഷായുടെ കൂട്ടാളികളുടെ പട്ടികയില്‍ ആനന്ദിബെന്നിന് ഇടം കിട്ടിയില്ല. ഇതിനിടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ നടത്തിയ അനധികൃത ഭൂമി ഇടപാടുകള്‍ ഒരുവിഭാഗം ആയുധമാക്കി.

പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍ നീറിനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം പട്ടേല്‍ വിഭാഗക്കാര്‍ സംവരണപ്രക്ഷോഭം തുടങ്ങിയത്.  പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിച്ചു. പൊലീസ് ആക്രമണങ്ങളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. സമരത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിനെ മാസങ്ങളോളം ജയിലിലിട്ടു. പട്ടേല്‍ ഇപ്പോള്‍ രാജസ്ഥാനിലാണ്. 

സംവരണപ്രക്ഷോഭം തുടരവെ  ഉന സംഭവം ഉയര്‍ത്തികാട്ടി ദളിത് വിഭാഗക്കാരും സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഗോരക്ഷാസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണം രൂക്ഷമായതോടെ ദളിത് സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കി. സര്‍ക്കാര്‍വിരുദ്ധ യോഗങ്ങളില്‍  ദളിത്–പിന്നോക്ക വിഭാഗക്കാരുടെ വന്‍ പങ്കാളിത്തമാണ് ഉണ്ടാകുന്നത്. 

ഗുജറാത്തില്‍ ബിജെപിയുടെ അടിത്തറ ഇളകുകയാണെന്ന ബോധ്യത്തില്‍നിന്നാണ് മുഖ്യമന്ത്രിയുടെ രാജിയെന്ന് സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവ് അരുണ്‍ മേത്ത അഭിപ്രായപ്പെട്ടു. എന്നാല്‍, ഇതിന്റെ ഗുണം കോണ്‍ഗ്രസിനുണ്ടാകില്ല. ഗ്രൂപ്പ് പോരിലും ബിജെപി ദാസ്യത്തിലും പേരുകേട്ട പാര്‍ടിയാണ് കോണ്‍ഗ്രസ്– അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും