നഗ്നരായി എത്തി ഭീതി പരത്തുക. ഒറ്റയ്ക്കാണെന്ന് കണ്ടാൽ സ്ത്രീകളെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുക. സിനിമാകഥകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംഘത്തെ കുറിച്ചുള്ള ഭീതിയിലാണ് ഉത്തർപ്രദേശിലെ മീററ്റിന് സമീപമുള്ള ഗ്രാമങ്ങൾ. നഗ്നരായി സംഘം ചേർന്ന് എത്തുന്നതുകൊണ്ട് ഗ്രാമവാസികൾ ഈ അക്രമിസംഘത്തിന് ‘ന്യൂഡ് ഗാങ്’ അഥവാ ‘നഗ്നസംഘം’ എന്നു പേര് നൽകി. തുടരെ തുടരെ സ്ത്രീകൾക്കെതിരെ ആക്രമണം ഉണ്ടായതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ ആക്രമി സംഘത്ത കുറിച്ച് കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ച് ഗ്രാമത്തിലെ കൃഷിയിടങ്ങളിലും ആൾപാർപ്പില്ലാത്ത വിജനമായ മേഖലകളിലും തിരച്ചിൽ നടത്തുകയാണ് മീററ്റ് പൊലീസ്.