തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ, പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാതിക്രമം തടയാനും പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനം 2023 ജനുവരിയിലാണ് പോഷ് പോർട്ടൽ ആരംഭിച്ചത്. ആയിരത്തോളം സ്ഥാപനങ്ങളിലാണ് സംവിധാനം ഉണ്ടായിരുന്നത്. ഇത് പരമാവധി സ്ഥാപനങ്ങളിൽ ആരംഭിക്കാൻ 2024 ആഗസ്തിൽ ക്യാമ്പയിൻ ആരംഭിച്ചു. കാൽ ലക്ഷം സ്ഥാപനങ്ങളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്‌തത്. സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ശ്രമിക്കുന്നത്.