നിലവിലുള്ള സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിക്കാനും പരിഷ്കരിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചത്.സമൂഹം മാറണമെന്നും അതിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അടുത്തിടെ ബംഗളൂരുവിൽ എഞ്ചിനീയറായിരുന്ന അതുൽ സുഭാഷ് എന്ന യുവാവ് ആത്മഹത്യചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക പീഡന നിയമങ്ങൾ പരിഷ്കരിക്കണമെന്നും അവ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചത്.