സിനിമാമേഖലയിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി മുമ്പാകെ അതിജീവിതകളും സാക്ഷികളും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളുമായി മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. കുറ്റകൃത്യം സംബന്ധിച്ച് അറിവ് ലഭിച്ചാൽ കേസെടുക്കാൻ പൊലീസിന് നിയമപരമായ ഉത്തരവാദിത്വമുണ്ടെന്നും അന്വേഷണം തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന 2024 സെപ്‌തംബറിലെ ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ, മേക്കപ്പ് കലാകാരി ജൂലി, നടി മാലാ പാർവതി എന്നിവർ നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. മൊഴികളുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം (എസ്‌ഐടി) നടത്തുന്ന നടത്തുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനസർക്കാരും വനിതാകമീഷനും സുപ്രീംകോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഹർജികൾ ഹർജികൾ തള്ളിയത്. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.