ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന പ്രതി ഇന്ദ്രാണി മുഖർജിക്ക് വിദേശത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് സുപ്രീംകോടതി. വിചാരണ തുടരുന്നതിനിടെയാണ് സ്പെയിനിലേക്ക് യാത്ര പോകണമെന്നു കാണിച്ച് ഇന്ദ്രാണി ഹർജി നൽകിയത്. എന്നാൽ തിരിച്ചു വരുമെന്ന് ഉറപ്പില്ല എന്നു പറഞ്ഞുകൊണ്ട് കോടതി ഹർജി തള്ളുകയായിരുന്നു. ഇന്ദ്രാണിക്കു വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ആവശ്യം നിരസിച്ച കോടതി ഒരു വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു. 2012ൽ മകൾ ഷീന ബോറയെ, മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ഇന്ദ്രാണി മുഖർജിയ്‌ക്കെതിരേയുള്ള കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. ഷീനയുടെ പ്രണയബന്ധത്തോടുള്ള എതിർപ്പാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു കണ്ടെത്തൽ. ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് 3 വർഷത്തിനു ശേഷം കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തു. 2022ലാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.ജസ്റ്റിസുമാരായ എം എം സുന്ദരേശ്, രാജേഷ് ബിന്ദാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേശ്, രാജേഷ് ബിന്ദാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.