സിനിമ വിനോദമേഖലയ്ക്കായി പുതിയ നയരൂപീകരിക്കുമ്പോൾ സ്ത്രീപക്ഷ സമീപനത്തിനൊപ്പം സാമൂഹിക, സാമ്പത്തിക വെല്ലുവിളികളും പരിഗണിക്കണമെന്ന് ഹൈക്കോടതി. ദളിത് സ്ത്രീകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളും നേരിടുന്ന വിവേചനം ഭിന്നമായിരിക്കുമെന്നും ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്‌റ്റിസ് സി എസ് സുധയും അടങ്ങിയ പ്രത്യേക ഡിവിഷൻബെഞ്ച് പറഞ്ഞു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നിയമനിർമാണത്തിൻ്റെ ഭാഗമായി കരട് നിർദേശങ്ങൾ അമിക്കസ് ക്യൂറി സമർപ്പിച്ചു. ഹേമ കമ്മിറ്റിയിലെ വെളിപ്പെടുത്തലുകളെ തുടർന്ന് 35 കേസിലും നോഡൽ ഓഫീസർക്ക് ലഭിച്ച പരാതികളിലെ അഞ്ചുകേസിലും അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. മൂന്നു കേസിൽ പ്രാരംഭ അന്വേഷണം പൂർത്തിയാക്കി. ഏഴെണ്ണത്തിൽ കുറ്റപത്രം നൽകി. കരട് നിർദേശങ്ങൾ പരിശോധിച്ച് തീരുമാനം അറിയിക്കാമെന്നും അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു.