സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോർജ്

Womenpoint team

സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെൻ്റർ ഓഫ് എക്സ‌ലൻസ് ആയി കേന്ദ്രം ഉയർത്തി. രാജ്യത്തെ പത്ത് ആശുപത്രികളിൽ ഒന്നെന്ന അപൂർവ നേട്ടമാണത്.

സംസ്ഥാനത്ത് ആദ്യമായി എസ്എടിയിൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുകയും സിഡിസിയിൽ ജനറ്റിക‌് ലാബ് സജ്ജമാക്കുകയും ചെയ്‌തു. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. രാജ്യത്ത് സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായി എസ്എടി ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നു. പ്രസവം കഴിഞ്ഞ് സൗജന്യമായി അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി വിജയകരമായി നടക്കുന്നു. വന്ധ്യതാ ചികിത്സയ്ക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഹൃദ്യം പോലെയുള്ള പദ്ധതികളിലൂടെ നവജാത ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കാൻ സാധിച്ചു. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളാണ് സർക്കാർ ആശുപത്രികളിലൊരുക്കി വരുന്നത്. പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോൾ അതിനുതകുന്ന ചികിത്സ ആ ആശുപത്രിയിൽ തന്നെ ലഭിക്കണം.

സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഒന്നാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. 200ലധികം വർഷം പഴക്കമുള്ള ഈ ആശുപത്രി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആശ്രയ കേന്ദ്രമാണ്. ഇവിടെ പുതിയ കാലഘട്ടത്തിന് അനുസൃതമായ ശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയിൽ നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ ഇരട്ടിയായി വർധിപ്പിച്ചു. ലക്ഷ്യ ലേബർ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒപി, അത്യാഹിത വിഭാഗം എന്നിവ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു.

2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലേബർ റൂം സജ്ജമാക്കിയത്. നേരത്തെ 5 പ്രസവങ്ങൾ മാത്രം നടത്താൻ സൗകര്യമുണ്ടായിരുന്നിടത്ത് 20 പ്രസവങ്ങൾ നടത്താൻ സൗകര്യമുള്ള ക്യൂബിക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഇതിൽ ന്യൂ ബോൺ റീസസ്സീറ്റേഷൻ, ന്യൂ ബോൺ കെയർ കോർണർ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. നവജാത ശിശു പരിപാലന വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകൾ ഉൾപ്പെടുന്ന ഇൻബോൺ നഴ്‌സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗൺസിലിംഗ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചെലവഴിച്ചാണ് ഒപി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും