സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ വിദ്യാർത്ഥിനിക്കെതിരെ ദ്വയാർത്ഥപ്രയോഗം നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറിനും റിപ്പോർട്ടർ ശഹബാസിനും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടർ നേരിട്ടു നൽകിയ പരാതിയിൽ തിരുവനന്തപുരം കൻ്റോൺമെന്റ്റ് പൊലീസാണ് കേസെടുത്തത്. കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ വാർത്തയ്ക്ക് പിന്നാലെ, അവതാരകൻ അടക്കം നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. വാർത്ത വിവാദമായതോടെ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയത്.