ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. പരാതി ഇല്ലാത്തവരുടെ മൊഴിയിൽ കേസെടുക്കുന്നത് എന്തിനാണെന്ന് കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. ഹേമ കമ്മിറ്റി മുമ്പാകെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അന്വേഷണം റദ്ദാക്കണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാരും വനിതാകമീഷനും ശക്തമായി എതിർത്തു. സജിമോന് പിന്നിൽ സിനിമ മേഖലയിലെ പ്രബലരാണെന്ന് വിമൻ ഇൻ സിനിമാ കലക്റ്റീവ് ആരോപിച്ചു. കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ടാൽ പൊലീസിന് കേസെടുക്കാമെന്നതിൽ സംശയമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, ഹൈക്കോടതി നിർദേശത്തെ പിന്തുണയ്ക്കാനാകില്ല. സജിമോൻ പാറയിൽ എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, താൻ നൽകിയ മൊഴിയിൽ അനുമതി കൂടാതെ കേസെടുത്തുവെന്ന് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടി പരാതിപ്പെട്ടു. അത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി പ്രതികരിച്ചു.