ബലാത്സംഗം, ആസിഡ് ആക്രമണം, ലൈംഗികാതിക്രമങ്ങൾ, പോക്‌സോ എന്നിവയിൽ നിന്ന് അതിജീവിച്ചവർക്ക് സൗജന്യ മെഡിക്കൽ സേവനം നൽകണമെന്ന് ഡൽഹി ഹൈക്കോടതി. സർക്കാരിനോടും സ്വകാര്യ ആശുപത്രികളോടുംനഴ്‌സിങ് ഹോമുകളോടുമായി ചൊവ്വാഴ്‌ചയായിരുന്നു കോടതിയുടെ ഉത്തരവ്. ബലാത്സംഗം, ആസിഡ് ആക്രമണം, പോക്‌സോ കേസുകൾ എന്നിവയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്ന് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളോടും ജസ്റ്റിസ് പ്രതിബ എം സിംഗ്, ജസ്റ്റിസ് അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രഥമശുശ്രൂഷ, രോഗനിർണയം, ലബോറട്ടറി സേവനങ്ങൾ, ശസ്ത്രക്രിയാ ഇടപെടലുകൾ, ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവർക്കും അവരുടെ കുടുംബത്തിനുമുള്ള വിവിധ തരത്തിലുള്ള കൗൺസിലിങ് പിന്തുണ എന്നിവ ഉൾപ്പെടെ സമഗ്രമായ പരിചരണം എന്നിവയാണ് ചികിത്സയിൽ ഉൾപ്പെട്ടിട്ടുള്ളത്.