യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാൻ ആവശ്യമായ ഇടപെടൽ നടത്താതെ കേന്ദ്രസർക്കാരും വിദേശമന്ത്രാലയവും. നിമിഷപ്രിയയുടെ കുടുംബം വിവിധ സാധ്യതകൾ തേടുന്നതായി മനസ്സിലാക്കുന്നുണ്ടെന്നും സാധ്യമായ സഹായം നൽകുമെന്നും മാത്രമാണ് വിദേശമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്‌വാൾ പ്രതികരിച്ചത്. യമൻ പ്രസിഡന്റ് റാഷാദ് അൽ -അലിമി ശിക്ഷ ശരിവച്ചതിനെക്കുറിച്ചുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യമനിൽ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നില്ല. നിമിഷപ്രിയയെ രക്ഷിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് കേന്ദ്രസർക്കാരാണ്. മാപ്പപേക്ഷ പ്രാവർത്തികമാക്കാനുള്ള സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ വഹിക്കേണ്ടതില്ലെന്നും നടപടികൾ ഏകോപിപ്പിച്ചാൽ മതിയെന്നും നിമിഷപ്രിയയുടെ മോചനത്തിന് രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.