സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ചലച്ചിത്രമേള കൂടുതൽ ശ്രദ്ധേയമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിൽ ആദരിക്കപ്പെട്ടത് ഹോങ്കോങ് സംവിധായിക ആൻ ഹുയിയും അഭിനേത്രി ശബാന ആസ്മിയുമാണ്. സ്പിരിറ്റ് ഒഫ് സിനിമ പുരസ്‌കാരം സംവിധായിക പായൽ കപാഡിയയ്ക്കാണ്. പ്രദർശിപ്പിച്ച 177 സിനിമകളിൽ 40ൽ അധികവും സ്ത്രീ സംവിധായകരുടേതാണ്. മേളയുടെ സിഗ്‌നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് പി.കെ റോസിയും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായിരുന്നു. ക്യൂറേറ്റർ ഗോൾഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപ്പെടുത്തി. ജൂറി അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ് കുമാർ എന്നിവർ വിതരണം ചെയ്തു. മാധ്യമ പുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ നൽകി. തിയേറ്ററുകൾക്കുള്ള പുരസ്‌കാരങ്ങൾ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ കെ. മധുപാൽ നൽകി. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ ആമുഖ പ്രഭാഷണം നടത്തി. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2025 ഡിസംബർ 12 മുതൽ 19 വരെ നടക്കുമെന്ന് അക്കാഡമി ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ചലച്ചിത്ര വികസന കോർപറേഷൻ എം.ഡി വി.എസ് പ്രിയദർശൻ എന്നിവരും പങ്കെടുത്തു. തുടർന്ന് സുവർണ ചകോരം നേടിയ ബ്രസീലിയൻ ചിത്രം 'മാലു' പ്രദർശിപ്പിച്ചു.