ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ മൊഴിയിൽ കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ജനുവരി ഏഴിന് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. മൊഴി നൽകാൻ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാർവതിയും, വനിതാ മേക്കപ്പ് ആർട്ടിസ്റ്റും സമർപ്പിച്ച ഹർജികളിലും അന്ന് വാദംകേൾക്കും. അന്വേഷണവുമായി മുന്നോട്ടു പോകാൻ പ്രത്യേക അന്വേഷണസംഘത്തെ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനും, വിമൻ ഇൻ സിനിമ കളക്‌ടീവും (ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹർജികളുള്ളത്.