സിനിമാരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ മൊഴിനൽകാത്തവർക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ നോഡൽ ഓഫീസർ എ.ഐ.ജി ജി. പൂങ്കുഴലിക്ക് പരാതി നൽകാമെന്ന് ഹൈക്കോടതി. വിവരങ്ങൾ വെളിപ്പെടുത്തിയവർക്ക് ഭീഷണിയുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തണം. നോഡൽ ഓഫീസറുടെ അധികാരപരിധി വിപുലമാക്കിയതായും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വിവിധ പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അന്വേഷണസംഘം നിശ്ചിത ഇടവേളകളിൽ റിപ്പോർട്ട് നൽകണം. വിമൻ ഇൻ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി) ആവശ്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. ഹർജിയിൽ കക്ഷിചേരാനുള്ള നടി രഞ്ജിനിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഹേമ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയശേഷവും അന്വേഷണസംഘം ബന്ധപ്പെടുന്നുണ്ടെന്നും ഹേമ കമ്മിറ്റി തന്റെ മൊഴി എങ്ങനെ രേഖപ്പെടുത്തിയെന്നതിൽ വ്യക്തതയില്ലെന്നുമാണ് നടിയുടെ പരാതി. താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.