പത്മശ്രീ നൽകി രാജ്യം ആദരിച്ച പരിസ്ഥിതി പ്രവർത്തക തുളസി ഗൗഡ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലിയിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഹലക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള തുളസി ഗൗഡ ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തി. "കാടിന്റെ എൻസൈക്ലോപീഡിയ' എന്നും "മരങ്ങളുടെ അമ്മ' എന്നും വിശേഷിപ്പിക്കപ്പെട്ട തുളസി ഗൗഡയ്ക്ക് പരിസ്ഥിതി മേഖലയിലെ സംഭാവനകൾക്ക് 2020ലാണ് പത്മശ്രീ ലഭിച്ചത്. ഔപചാരിക വിദ്യാഭ്യാസം നേടിയില്ലെങ്കിലും കാട്ടിലെ എല്ലാ ഇനം വൃക്ഷങ്ങളുടെയും മാതൃവൃക്ഷം തിരിച്ചറിയാനുള്ള കഴിവും വിത്തുകൾ ശേഖരിക്കുന്നതിലും മാതൃവൃക്ഷത്തിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്നതിലും പ്രാഗൽഭ്യമുണ്ടായിരുന്നു. കാടിനെക്കുറിച്ചുള്ള അറിവും വനസംരക്ഷണപ്രവർത്തനങ്ങളും കണക്കിലെടുത്ത് കർണാടക വനംവകുപ്പ് ജോലി നൽകി. ഇന്ദിരപ്രിയദർശിനി വൃക്ഷമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.