ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് ഡൽഹി ഹൈക്കോടതി രണ്ടാഴ്‌ചത്തെ ഇടക്കാല ജാമ്യം നൽകി. നേത്രശസ്‌ത്രക്രിയക്കായുള്ള അപേക്ഷ ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശർമ എന്നിവരുടെ ബെഞ്ച് അംഗീകരിച്ചു. പരാതിക്കാരിയുമായി ആശയവിനിമയത്തിന് ശ്രമിക്കരുത്, അന്വേഷണ ഉദ്യോസ്ഥനുമായി എല്ലാ ദിവസവും ബന്ധപ്പെടണം തുടങ്ങിയ വ്യവസ്ഥകളുണ്ട്. 2017ലായിരുന്നു ഉന്നാവോ കൂട്ടബലാത്സംഗം. പരാതിക്കാരിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്‌തു. 10 വർഷം തടവുശിക്ഷയാണ് സെൻഗറിന് വിധിച്ചത്. അതിജീവിത സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചുകയറ്റി രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ട സംഭവവും ഇതിനിടെയുണ്ടായി.