തങ്ങളൊരു മതവും നിരോധിക്കില്ലെന്ന് യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. ഒരു മതിലും കെട്ടില്ലെന്നും അവര്‍ പറഞ്ഞു. ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ ഞങ്ങള്‍ ഒരു മതത്തെയും നിരോധിക്കില്ല. തീവ്രവാദത്തിനെതിരെ പൊരുതാനും തീവ്രവാദത്തെ പരാജയപ്പെടുത്താനും ഞങ്ങളുടെ സഖ്യവുമായി പോരാടും. ഞങ്ങള്‍ ഒരു മതിലും കെട്ടില്ല. പകരം ജോലിയാഗ്രഹിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്ന വിധത്തിലുള്ള ഒരു സാമ്പത്തികാവസ്ഥ ഞങ്ങള്‍ സൃഷ്ടിക്കും.’ ഹിലരി പറഞ്ഞു. മറ്റുരാജ്യങ്ങളില്‍ നിന്നും നമ്മെ ഭിന്നിപ്പിക്കുകയെന്നതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ഡ്രംപിന്റെ താല്‍പര്യം. അമേരിക്കന്‍ സമൂഹത്തിന്റെ തെറ്റായ ചിത്രം സൃഷ്ടിക്കാനാണ് ഡ്രംപ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ക്ലിന്റണ്‍ ഉറപ്പുനല്‍കി. ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കരുടെയും സ്വതന്ത്രരുടെയുമെല്ലാം പ്രസിഡന്റായിരിക്കും താനെന്നും അവര്‍ വ്യക്തമാക്കി.