സ്ത്രീകള്‍ക്കു ഭര്‍തൃവീട്ടില്‍ ശരീര അധിക്ഷേപമുണ്ടായാല്‍ അതു ഗാര്‍ഹിക പീഡനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭര്‍തൃസഹോദരങ്ങളുടെ ജീവിത പങ്കാളികളും ആ വീട്ടിലുണ്ടെങ്കില്‍ ഗാര്‍ഹിക പീഡനം ബാധകമായ ബന്ധുക്കളുടെ ഗണത്തില്‍പ്പെടും. ഗാര്‍ഹിക പീഡനക്കേസില്‍ കൂത്തുപറമ്പ് പൊലീസിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാംപ്രതിയായ ഭര്‍തൃസഹോദര ഭാര്യ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. യുവതിക്കു ബോഡി ഷെയ്‌പ് ഇല്ലെന്നും യുവാവിനു യോജിച്ച പെണ്ണല്ലെന്നും സുന്ദരിയെ കിട്ടുമായിരുന്നുവെന്നും പറഞ്ഞ് ഹര്‍ജിക്കാരി അധിക്ഷേപിച്ചെന്നാണ് ആരോപണം. ശരിക്കും എംബിബിഎസ് യോഗ്യതയുണ്ടോ എന്നും സംശയമുന്നയിച്ചതു കൂടാതെ ബിരുദരേഖ സംഘടിപ്പിച്ചു പരിശോധിക്കുകയും ചെയ്തു. അധിക്ഷേപം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ഭര്‍ത്താവും ഭര്‍തൃപിതാവുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇത്തരം ആരോപണങ്ങള്‍ ഗാര്‍ഹിക പീഡനമാകുമോ, ഭര്‍തൃസഹോദര ഭാര്യ ഗാര്‍ഹിക പീഡനനിയമത്തിന്റെ പരിധിയില്‍ വരുമോ എന്നീ നിയമപ്രശ്നങ്ങളാണ് കോടതി പരിശോധിച്ചത്. ഭര്‍ത്താവ്, മക്കള്‍, ഭര്‍തൃബന്ധുക്കളായ മാതാപിതാക്കള്‍, സഹോദരങ്ങള്‍, അനന്തരവന്‍, അനന്തരവള്‍, ചെറുമക്കള്‍ തുടങ്ങി ഒപ്പം താമസിക്കുന്ന ഭര്‍തൃസഹോദരങ്ങളുടെ ജീവിത പങ്കാളികളും ഐപിസി 498എ ബാധകമായ ‘ബന്ധു’ ആകുമെന്നാണ് കോടതി വ്യക്തമാക്കിയത്.