ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് ചിത്രമായ സത്യജിത്ത് റായിയുടെ 'പാഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ബംഗാളി നടി ഉമാ ദാസ് ഗുപ്‌ത അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി അര്‍ബുദ ബാധിതയായിരുന്നു. തിങ്കളാഴ്‌ച (നവംബര്‍ 18) കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആനന്ദ് ബസാര്‍ പത്രികയിലൂടെ നടിയുടെ ബന്ധുവും നടനും രാഷ്‌ട്രീയ നേതാവുമായ ചിരഞ്ജീത് ചക്രവര്‍ത്തിയാണ് മരണവാര്‍ത്ത അറിയിച്ചത്. കുറച്ചുവര്‍ഷങ്ങളായി ചികിത്സയിലായിരുന്നു അവര്‍. ഇടക്കാലത്ത് മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചിരുന്നെങ്കിലും രോഗം വീണ്ടും അവരെ പിടികൂടി. വിദഗ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ അവിടെ വച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. കിയോരതല ശ്‌മശാനത്തില്‍ സംസ്‌കരിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ തിയേറ്റര്‍ രംഗത്തേക്ക് വന്നതാണ് ഉമാ ദാസ് ഗുപ്‌ത. ഉമ പഠിച്ചിരുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സത്യജിത്ത് റായിയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. ഈ സൗഹൃദമാണ് ദുര്‍ഗ എന്ന കഥാപാത്രത്തിനായി റായ് ഉമയെ തിരഞ്ഞെടുത്തത്. എന്നാല്‍ മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് പിതാവിന് താത്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം മകളുടെ താത്പര്യത്തിന് വഴങ്ങി. പക്ഷേ 'പാഥേര്‍ പാഞ്ചാലി'ക്ക് ശേഷം വളരെ കുറച്ച് ചിത്രങ്ങളിലേ ഉമ പിന്നീട് അഭിനയിച്ചിട്ടുള്ളു. എങ്കില്‍ പോലും ഒരിക്കൽ കണ്ടാൽ മനസിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതാണ് പഥേർ പാഞ്ചാലി എന്ന സിനിമയും അതിലെ ദുര്‍ഗ എന്ന കഥാപാത്രവും. ദശലക്ഷണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നതാണ് ദുര്‍ഗ എന്ന കഥാപാത്രം. കൊടിയ ദാരിദ്ര്യം തന്നെയാണ് ചിത്രം എടുക്കാണിച്ചിട്ടുള്ളത്. ഹരിഹർ റായും ഭാര്യ സർബജയും മക്കളായ ദുർഗയും അപുവും അടങ്ങുന്ന ചെറിയ കുടുംബം. ദാരിദ്ര്യത്തിന്‍റെ നടുക്കടലിൽ കരകാണാനാകാതെയുള്ള ജീവിതമാണ് അവരുടേത്. എന്നാൽ ദുർഗയുടെയും കുഞ്ഞനുജൻ അപുവിന്റെയും കുട്ടിക്കാലം സന്തോഷകരമായിരുന്നു. ജീവിതത്തെ കുറിച്ച് ആവലാതികളില്ലാത്ത ഇരുവരും നാട്ടിൻ പുറങ്ങളിലൂടെ കളിച്ചും ചിരിച്ചും കൗതുകത്തോടെ നടന്നു. പിന്നീട് ദുര്‍ഗയ്ക്കുണ്ടാകുന്ന അസുഖവും പട്ടിണിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നുണ്ട്. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'പഥേർ പാഞ്ചാലി'. (1955) ഇന്ത്യൻ സിനിമയിൽ ഒരു വഴിത്തിരിവ് രേഖപ്പെടുത്തിയ ചിത്രമാണിത്.