സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ജപ്പാനിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് നവോകി ഹയാകുതയുടെ പ്രസ്‌താവന വിവാദത്തിൽ

womenpoint team

ജപ്പാനിലെ ജനന നിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് നവോകി ഹയാകുത നടത്തിയ പ്രസ്‌താവന വിവാദത്തിൽ. സ്‌ത്രീകൾ 25 വയസിന് ശേഷം വിവാഹം കഴിക്കുന്നത് തടയണം. 30 വയസ് കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത സ്‌ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യണമെന്നും ആയിരുന്നു നവോകിയുടെ വിവാദപരാമർശം. യൂട്യൂബ് വീഡിയോകളിലൂടെയായിരുന്നു നവോകി ഇത്തരത്തിൽ പ്രതികരിച്ചത്. ഇതോടെ നിരവധി പേരാണ് ഇദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

നിയമം കർശനമാക്കുന്നതോടെ സ്‌ത്രീകൾ വളരെ നേരത്തേ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമെന്നും അതിലൂടെ രാജ്യത്തിന്റെ ജനന നിരക്ക് വർദ്ധിക്കുമെന്നും നവോകി പറഞ്ഞു. യുവതികൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും അവരെ പരിപാലിക്കുന്നതിനുമാണ് ശ്രദ്ധ നൽകേണ്ടതെന്നും നവോകി കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷവും സ്‌ത്രീ സംഘടനകളും വിമർശനവുമായി രംഗത്തെത്തി.

' ജനനനിരക്ക് കുറയുന്നതിന് കാരണം സ്ത്രീകളാണോ? സ്ത്രീകള്‍ക്ക് ഒറ്റയ്‌ക്ക് ഗർഭിണിയാകാന്‍ കഴിയില്ല. ജോലിയും വരുമാനവും സ്ഥിരമല്ലാത്ത സാഹചര്യത്തില്‍ ഒരു കുഞ്ഞിനെ പ്രസവിക്കാനും അവരെ വളര്‍ത്താനുമുള്ള ആത്മവിശ്വാസം സ്ത്രീകൾക്കുണ്ടാവില്ല എന്നതാണ് വാസ്തവം', എന്ന് നടിയായ ചിസുരു ഹിഗാഷി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിനോട് പറഞ്ഞു.

' ജപ്പാനിലെ ഒരു നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഇതെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായി മാത്രമെ കാണാനാകു', എന്ന് യമനാഷി ഗാകുയിൻ യൂണിവേഴ്‌സിറ്റിയിലെ ജെൻഡർ സ്റ്റഡീസ് അദ്ധ്യാപികയായ സുമി കവാകാമി പറഞ്ഞു. ജപ്പാനിലെ രാഷ്ട്രീയ നേതൃത്വം സ്ത്രീകൾക്കെതിരെ പിന്തിരിപ്പന്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതോടെ മാപ്പുപറഞ്ഞ് നവോകി ഹയാകുത രംഗത്തെത്തി. എക്‌സിലൂടെയായിരുന്നു നവോകി ക്ഷമാപണം നടത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജോയിന്റ് അദ്ധ്യക്ഷന്‍ തകാഷി കാവമുറയും നവോകിയുടെ പ്രസ്താവനയെ അപലപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് വേണ്ടി മാപ്പുപറയുന്നുവെന്ന് അദ്ദേഹവും പറഞ്ഞു. നവോകിയുടെ പ്രസ്താവന പാര്‍ട്ടി തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ കയോറി അരിമോട്ടോയും നവോകിയ്‌ക്കെതിരെ രംഗത്തെത്തി. പഴഞ്ചന്‍ ചിന്താഗതിയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവില്‍ സാമൂഹിക മൂല്യങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും പരിപാലിക്കുന്നതുമാണ് സന്തോഷം നല്‍കുന്നതെന്ന ചിന്താഗതിയ്ക്ക് മാറ്റം വന്നുവെന്നും ആളുകള്‍ വ്യത്യസ്തമായ വഴികളിലുടെ സഞ്ചരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും