കുടുംബശ്രീയുടെ സേവനങ്ങൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കാനുള്ള ആപ്പായ 'പോക്കറ്റ് മാർട്ട്' കൊല്ലം ജില്ലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. നവംബർ ഒന്ന് മുതൽ കരുനാഗപ്പള്ളിയിലാകും ആപ്പ് വഴിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. പ്രധാനമായും വീട്ടുജോലിക്കും മറ്റും കുടുംബശ്രീ അംഗങ്ങളുട സേവനം നൽകുന്ന നൂതന പദ്ധതിയായ ക്വിക്ക് സെർവിന്റെ കാര്യങ്ങൾക്ക് കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൊല്ലം കോർപ്പറേഷൻ, പുനലൂർ, പരവൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ പദ്ധതി ആരംഭിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ആദ്യമായി ആരംഭിക്കുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പരിധിയിലാണ് പോക്കറ്റ് മാർട്ട് ആപ്പിന്റെ സേവനം കൂടുതൽ ഉപയോഗിക്കാൻ സാദ്ധ്യതയെന്നാണ് കുടുംബശ്രീ അധികൃതരുടെ പ്രതീക്ഷ. 25ൽ അധികം വനിതകളാണ് പരിശീലനം പൂർറത്തിയാക്കി ക്വിക്ക് സെർവിന്റെയും പോക്കറ്റ് മാർട്ടിന്റെയും ഭാഗമായി സേവന സന്നദ്ധരായി നിൽക്കുന്നത്. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള യൂണിഫോമും തിരിച്ചറിയൽ കാർഡും ഇതിനോടകം വിതരണം ചെയ്തു. പോക്കറ്റ് മാർട്ട് ആപ്പിൽ ക്വിക്ക് സെർവ് ലിങ്കിലേക്ക് ആവശ്യമായ ഡേറ്റാസ് കൂട്ടിച്ചേർക്കുന്നത് അവസാനഘട്ടത്തിലാണ്. മൂന്ന് മുതൽ എട്ടുപേർ വരെ അടങ്ങുന്ന അർബൻ സർവീസ് ടീമിനായിരിക്കും ആപ്പിലൂടെയുള്ള ക്വിക്ക് സെർവിന്റെ നടത്തിപ്പ് ചുമതല. നിരക്കുകൾ വ്യത്യസ്തം ഓരോ സേവനങ്ങൾക്കും ആവശ്യമായ നിരക്കുകൾ മേഖലകൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. കുടുംബശ്രീ നഗര സി.ഡി.എസ് അംഗങ്ങൾക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ക്വിക്ക് സെർവ് ടീം രൂപീകരിക്കാനാകും. വീട് വൃത്തിയാക്കൽ, പാചകം, പാലിയേറ്റീവ് പരിചരണം, കുട്ടികളുടെയും ഗർഭിണികളുടെയും പരിചരണം എന്നിവയും പോക്കറ്റ് മാർട്ട് ആപ്പിന്റെ സഹായത്തിൽ ക്വിക്ക് സെർവ് പദ്ധതിയിലൂടെ ലഭിക്കും. മുനിസിപ്പൽ സെക്രട്ടറി, സി.ഡി.എസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. കുടുംബശ്രീ എൻ.യു.എൽ.എം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.