ആർത്തവ സമയത്ത് സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ ഇപ്പോഴും വിലക്കുള്ള രാജ്യമാണ് ഇന്ത്യയെന്ന് സുപ്രീം കോടതി ജഡ്ജി സഞ്ജയ് കരോൾ. ഇതാണ് നമ്മൾ ജീവിക്കുന്ന യഥാർത്ഥ ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യത്തെ ഇൻ്റർനാഷണൽ സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ൽ സഞ്ജയ് കരോൾ എടുത്ത ആർത്തവ സമയത്ത് വീട്ടിൽ വിലക്കുള്ള സ്ത്രീയുടെ ഫോട്ടോയും കോൺഫ്രൻസിൽ പ്രദർശിപ്പിച്ചു. "ഒരു വിദൂര ഗ്രാമത്തിൽ വച്ചാണ് ഞാൻ എടുത്ത ഈ ഫോട്ടോ. ശാരീരിക വ്യതിയാനം അനുഭവിക്കുന്ന ആ അഞ്ച് ദിവസത്തേക്ക് വീട്ടിൽ പ്രവേശിക്കാൻ വിലക്കപ്പെട്ട ഒരു സ്ത്രീയുടെതാണ്. ഇതാണ് നമ്മൾ ജീവിക്കുന്ന ഇന്ത്യ" എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രം എവിടെ നിന്നാണ് എടുത്തതെന്ന് ജഡ്ജി വെളിപ്പെടുത്തിയില്ല. കോടതി സംവിധാനങ്ങൾ പരാജയപ്പെട്ട ബിഹാറിലെയും ത്രിപുരയിലെയും വിദൂര പ്രദേശങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉൾഗ്രാമങ്ങളിൽ എത്താത്ത നീതിക്ക് മെട്രോ കേന്ദ്രീകൃത നിലപാടെന്നും അദ്ദേഹം ആരോപിച്ചു.