സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇന്ത്യയിൽ ഓരോ മിനിറ്റിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിക്കപ്പെടുന്നതായി പഠന റിപ്പോർട്ട്

womenpoint team

ഇന്ത്യയിൽ ഓരോ മിനിറ്റിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിക്കപ്പെടുന്നതായി പഠന റിപ്പോർട്ട്. ചൈൽഡ് മാരേജ് ഫ്രീ ഇന്ത്യ (സിഎംഎഫ്ഐ ) ക്യാമ്പയിന്റെ ഭാ​ഗമായി ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ റിസർച്ച് ടീം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ശൈശവ വിവാഹത്തിന്റെ കണക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിക്കുകയാണെന്നും പഠനറിപ്പോർട്ട് പറയുന്നു. 2022ൽ ദിവസം മൂന്ന് ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നിടത്താണ് മിനിറ്റിൽ മൂന്ന് വിവാഹങ്ങൾ എന്ന നിലയ്ക്ക് എത്തിയത്. മിക്ക വിവാഹങ്ങളിലും വരന് 21 വയസിന് മുകളിലാണ് പ്രായം.

2011ലെ സെൻസസ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്, നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ് -2019- 21) എന്നിവയുടെ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്. എൻസിആർബി കണക്കുകൾ പ്രകാരം പ്രതിവർഷം 16 ലക്ഷത്തോളം ശൈശവ വിവാഹങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഒരു ദിവസം ഏക​ദേശം 4,000ത്തോളം വിവാഹങ്ങൾ. ഇപ്പോൾ 20നും 24നും ഇടയ്ക്ക് പ്രായമുള്ള 23.3 ശതമാനം സ്ത്രീകളും 18 വയസിനു മുമ്പ് വിവാഹിതരായവരാണെന്നാണ് എൻഎഫ്എച്ച്എസ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അസമിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 81 ശതമാനത്തോളം ശൈശവ വിവാഹങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2021-22 കാലത്ത് 3,225 ആയിരുന്നത് 2023-24 ആയപ്പോഴേക്കും 627 ആയി കുറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് 3,000ത്തോളം അറസ്റ്റുകളും സംസ്ഥാനത്ത് നടന്നു.

1929 ൽ മുതൽ ഇന്ത്യയിൽ ശൈശവ വിവാഹം നിരോധിച്ചിട്ടുണ്ട്. ബാലവിവാഹങ്ങൾ തടയാനായി നിരവധി ഭേദ​ഗതികളും ഇതിനിടയിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മിക്ക ​ഗ്രാമങ്ങളിലും ശൈശവ വിവാഹങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബാലവിവാഹങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലെത്തുന്ന കേസുകൾ തീർപ്പാകാത്തതും വിവാഹങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2022ൽ 3,563 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇവയിൽ 181 കേസുകൾ മാത്രമാണ് വാദം പൂർത്തിയാക്കി അവസാനിപ്പിച്ചത്. റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ 11 ശതമാനം കേസുകൾ മാത്രമാണ് തീർപ്പാക്കപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

പെൺകുട്ടികളുടെ നിസ്സഹായതയും വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയും മുതലെടുത്ത് പണവും അധികാരവുമുള്ള പ്രായമേറിയ പുരുഷൻമാർ ചെറിയ പെൺകുട്ടികളെ വിവാഹം കഴിക്കുന്നതും വർധിക്കുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. സിഎംഎഫ്ഐ ഇടപെട്ട് 2023-24 വർഷത്തിൽ 73,501 ശൈശവ വിവാഹങ്ങൾ തടഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും