ഹിമാലയപർവതത്തിലെ 5289 മീറ്റർ ഉയരമുള്ള ഫ്രണ്ട്സ്ഷിപ്പ് പീക്ക് കൊടുമുടിയുടെ 4800 മീറ്റർ ഉയരംതാണ്ടി എട്ടാംക്ലാസ് വിദ്യാർഥിനി. ചേർത്തല നഗരസഭ 33–-ാം വാർഡിൽ ഞാറയ്‌ക്കാവേലിൽ ഷൈൻ വർഗീസ്–-പ്രീതി ദമ്പതികളടെ മകൾ അന്ന മേരിയാണ് വിസ്‌മയനേട്ടത്തിന്റെ നെറുകയിൽ ഇന്ത്യൻ പതാകനാട്ടിയത്. ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥിനിയായ അന്ന ജൂൺ 20നാണ് അച്ഛനൊപ്പം ദൗത്യത്തിന് പുറപ്പെട്ടത്. ഹരിയാനയിലെ എട്ടാംക്ലാസ് വിദ്യാർഥിനി ആരാധ്യ ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 13 പേർ ദൗത്യസംഘത്തിലുണ്ടായിരുന്നു. സോളഗ്‌വാലിയിൽ ഒത്തുചേർന്ന ഇവർ കയറ്റത്തിനിടെ ടെന്റ് സ്ഥാപിച്ചാണ് അന്തിയുറങ്ങിയത്. ലഘുഭക്ഷണം കരുതിയിരുന്നു. മഞ്ഞുരുകിയ വെള്ളമാണ് കുടിച്ചത്. ആറുദിവസംകൊണ്ടാണ് 4800 മീറ്റർ പിന്നിട്ടത്. ശാരീരിക പ്രശ്‌നങ്ങൾ മൂലം ദൗത്യം അവസാനിപ്പിക്കയായിരുന്നു. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ അന്ന പ്രത്യേക പരിശീലനം നേടിയിരുന്നു. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ഉയരമേറിയ പർവതനിര കിളിമഞ്ചാരോ കീഴടക്കുകയാണ് അടുത്തലക്ഷ്യം. അതിന് പ്രത്യേക പരിശീലനം നൽകുമെന്നും അച്ഛൻ ഷൈൻ വർഗീസ് പറഞ്ഞു.

