സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

"അമ്മ'യിലെ വനിതാ അംഗത്തെ
 പുതിയ എക്‌സിക്യൂട്ടീവ്‌ തെരഞ്ഞെടുക്കും

womenpoint team

‘അമ്മ’യുടെ എക്‌സിക്യൂട്ടീവിലേക്ക്‌ വാശിയേറിയ മൽസരത്തിനുശേഷവും ഒഴിഞ്ഞുകിടക്കുന്ന ഒരു വനിതാ അംഗത്തെ തെരഞ്ഞെടുക്കാൻ പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഉടൻ യോഗം ചേരും. കടുത്ത മൽസരത്തിനും പ്രക്ഷുബ്‌ധ രംഗങ്ങൾക്കുംശേഷമാണ്‌ എക്‌സിക്യൂട്ടീവിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഞായറാഴ്‌ച പൂർത്തിയായത്‌. 
അമ്മ ഭരണഘടന അനുസരിച്ച്‌ ആകെയുള്ള 17 ഭാരവാഹികളിൽ നാലുപേർ വനിതകളായിരിക്കണം. എന്നാൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിച്ച കുക്കു പരമേശ്വരനും വൈസ്‌ പ്രസിഡന്റായി മത്സരിച്ച മഞ്‌ജുപിള്ളയും പരാജയപ്പെട്ടു. മഞ്‌ജുപിള്ളയ്‌ക്ക്‌ 137 വോട്ടും കുക്കു പരമേശ്വരന്‌ 123 വോട്ടുമാണ്‌ ലഭിച്ചത്‌.   എക്‌സിക്യൂട്ടീവിലേക്ക്‌ മത്സരിച്ചതും തെരഞ്ഞെടുക്കപ്പെട്ടതും അനന്യ, സരയു, അൻസിബ ഹസൻ ഉൾപ്പെടെ മൂന്ന്‌ വനിതകൾ മാത്രമാണ്‌. തുടർന്നാണ്‌ ഒരു വനിതയെക്കൂടി തെരഞ്ഞെടുക്കാൻ പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം തീരുമാനിച്ചത്‌.

പതിനൊന്നംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ 12 പേരാണ്‌ മത്സരിച്ചത്‌. രമേഷ്‌ പിഷാരടി, റോണി ഡേവിഡ്‌ എന്നിവർ പരാജയപ്പെട്ടു. മൂന്ന്‌ വനിതകളും ഏഴ്‌ പുരുഷൻമാരും അടങ്ങുന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തതായി ഫലപ്രഖ്യാപനത്തിനുമുമ്പ്‌ അനൗൺസ്‌ ചെയ്‌തു. പതിനൊന്നാമത്തെ അംഗത്തിന്റെ സ്ഥാനം ഒഴിച്ചിടുകയാണെന്നും അത്‌ വനിതയായിരിക്കുമെന്നും പറഞ്ഞതോടെയാണ്‌ ബഹളം ആരംഭിച്ചത്‌.

എക്‌സിക്യൂട്ടീവ്‌ അംഗത്തിനെ ജനറൽബോഡി തെരഞ്ഞെടുക്കണമെന്ന്‌ ആവശ്യമുയർന്നു. എന്നാൽ, ഭരണഘടനപ്രകാരം പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്കുമാത്രമാണ്‌ ഇതിനുള്ള അധികാരമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ജഗദീഷ്‌ വ്യക്തമാക്കി.എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയിലേക്ക്‌ കുക്കു പരമേശ്വരനും മഞ്‌ജുപിള്ളയ്‌ക്കും വേണ്ടി യോഗത്തിൽ തർക്കമുയർന്നിരുന്നു. ഇരുവരുടെയും വോട്ടിന്റെ എണ്ണം പറയണമെന്നും കൂടുതൽ വോട്ട്‌ ലഭിച്ചയാളെ പരിഗണിക്കണമന്നും അഭിപ്രായമുയർന്നു. ഷീലു എബ്രഹാമിന്റെ പേരും ഉയർന്നുവന്നതിനെത്തുടർന്ന്‌ മൂന്നുപേരുകളും പരിഗണിക്കാമെന്ന്‌ ജഗദീഷ്‌ പറഞ്ഞതോടെ ബഹളം അടങ്ങി.

അനന്യ–-271, കലാഭവൻ ഷാജോൺ–-294, സുരാജ്‌ വെഞ്ഞാറമൂട്‌–-289, സുരേഷ്‌ കൃഷ്‌ണ–-275, ടിനി ടോം–-274, ടൊവിനോ തോമസ്‌–-267, ജോയ്‌ മാത്യു–-279, വിനു മോഹൻ–-271, സരയു, അൻസിബ ഹസൻ എന്നിവരാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ. സരയുവിനും അൻസിബ ഹസനും ലഭിച്ച വോട്ടിന്റെ എണ്ണം പ്രഖ്യാപിച്ചില്ല. 
ജനറൽ സെക്രട്ടറിയായി 157 വോട്ട്‌ ലഭിച്ച സിദ്ദിഖിനെയും ജോയിന്റ്‌ സെക്രട്ടറിയായി 198 വോട്ട്‌ ലഭി ച്ച ബാബുരാജിനെയുമാണ്‌ തെരഞ്ഞെടുത്തത്‌. പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക്‌ ജഗദീഷ്‌ (245), ജയൻ ചേർത്തല (215) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അമ്മയിൽ ആകെയുള്ള 506 അംഗങ്ങളിൽ 336 പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും