കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവത്തിൽ തുടർച്ചയായി അഞ്ചാംതവണയും കാസർകോടിന് കിരീടം. 199 പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. 180 പോയിന്റ് നേടി കണ്ണൂര്‍ രണ്ടും 96 പോയിന്റ് നേടി തൃശൂര്‍ മൂന്നും സ്ഥാനംനേടി. സമാപന സമ്മേളനം മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി ഉദ്‌ഘാടനംചെയ്‌തു. ഓവറോള്‍ ചാമ്പ്യന്മാരായ കാസര്‍കോട് ജില്ലയ്ക്ക് എം രാജഗോപാലന്‍ എംഎല്‍എ എവര്‍റോളിങ് ട്രോഫിയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും നൽകി. രണ്ടാംസ്ഥാനം നേടിയ കണ്ണൂര്‍ ജില്ലയ്ക്ക് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ട്രോഫി സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്‌ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ട്രോഫി സമ്മാനിച്ചു. മലപ്പുറം ജില്ലാ മിഷൻ തയ്യാറാക്കിയ ‘മാതൃകം' മാസികയുടെ അരങ്ങ് പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടന്നു. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി കെ സൈനബ മുഖ്യാതിഥിയായി. അഡ്വ. എ പി ഉഷ, ഷാനവാസ് പാദൂര്‍, പി പി പ്രസന്നകുമാരി, സി വി പ്രമീള, പി വി മുഹമ്മദ് അസ്ലം, വി വി സജീവന്‍, വി കെ ബാവ, എം ശാന്ത, കെ ശകുന്തള, എം മനു, സി ജെ സജിത്, പി കെ ലക്ഷ്മി, ടി ടി സുരേന്ദ്രന്‍, കെ സനൂജ, സി ബിന്ദു, എം ഗുലാബി, മുംതാസ് അബൂബക്കര്‍, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും സി എച്ച് ഇഖ്ബാല്‍ നന്ദിയുംപറഞ്ഞു.