നടി നിമിഷാ സജയനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം. തൃശൂർ ലോക്‌സഭാ സീറ്റിൽ സുരേഷ് ഗോപി ജയിച്ചതിനുപിന്നാലെയാണ് നടിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. നാലുവർഷംമുമ്പ് പൗരത്വനിയമ ഭേദഗതിക്കെതിരേ കൊച്ചിയിൽ സംഘടിപ്പിച്ച റാലിയിൽ നിമിഷ നടത്തിയ പ്രതികരണം കുത്തിപ്പൊക്കിയാണ് ആക്രമണം. ‘‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടല്ലേ ഇന്ത്യ ചോദിക്കുന്നത്’’ എന്ന പ്രതികരണം ശ്രദ്ധനേടിയിരുന്നു. സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതോടെ നടിയുടെ ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം പോസ്‌റ്റുകൾക്കുതാഴെ കേട്ടാലറയ്‌ക്കുന്ന കമന്റുകളുമായി സംഘപരിവാറുകാർ അഴിഞ്ഞാടുകയാണ്. നടിക്കെതിരായ ആക്രമണത്തിന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ എരിവുപകരുകയും ചെയ്‌തു.‘‘നടി അന്നുപറഞ്ഞ വാക്കുകൾ വിഷമമുണ്ടാക്കി, ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ എന്ന പരിഗണനപോലും നൽകിയില്ല’’ എന്നാണ് ഗോകുൽ പ്രതികരിച്ചത്. സുരേഷ് ഗോപിക്കെതിരെയല്ല, സംഘപരിവാറിന്റെ വർഗീയ അജൻഡകൾക്കെതിരെയാണ് നിമിഷ പ്രതികരിച്ചത് എന്നുപോലും മനസിലാക്കാതെയാണ് ഗോകുൽ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്. പ്രധാന മാധ്യമങ്ങൾപോലും ‘നിമിഷ–-സുരേഷ് ഗോപി’ വിവാദം എന്നാണ് ചിത്രീകരിക്കുന്നത്. നിമിഷക്കെതിരായ സൈബർ ആക്രമണം ചെറുക്കുന്നതിൽനിന്ന് ചലച്ചിത്രമേഖല മൗനം പാലിക്കുകയാണ്.