സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗൗരിയമ്മയുടെ വേർപാടിന്‌ മൂന്ന്‌ വർഷം

womenpoint team

സമരവീര്യത്തിന്റെ​ കരുത്തുപകർന്ന കെ ആർ ഗൗരിയമ്മയുടെ വേർപാടിന്‌ ശനിയാഴ്‌ച മൂന്ന്‌ വർഷം തികയുന്നു. അയിത്തവും ജന്മിവാഴ്‌ചയും നിലനിന്ന ആലപ്പുഴയിൽ കയർ ഫാക്‌ടറിത്തൊഴിലാളികളുടെയും തോട്ടിപ്പണിക്കാരുടെയും കുടികിടപ്പുകാരുടെയും ഇടയിൽ പോരാട്ടത്തിന്റെ വെളിച്ചമായി അവർ. 1919 ജൂലൈ 14ന്​ ആലപ്പുഴ പട്ടണക്കാട് കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയമ്മയുടെയും മകളായാണ്​ ജനനം. തുറവൂർ തിരുമല ദേവസ്വം സ്​കൂളിലും ചേർത്തല ഇംഗ്ലീഷ് സ്​കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്​, സെന്റ്‌​ തെരേസാസ്​, തിരുവനന്തപുരം ഗവ. ലോ കോളേജ്​ എന്നിവിടങ്ങളിൽ ഉന്നത പഠനം. ഇതിനിടെ വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തേക്ക്‌. 1946ൽ സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയിൽനിന്ന്‌ പാർട്ടി അംഗത്വം സ്വീകരിച്ചു. ദേശീയസ്വാതന്ത്ര്യസമരത്തിലും ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിരാതവാഴ്‌ചയ്‌ക്കെതിരെയുമുള്ള പോരാട്ടങ്ങളിലും പങ്കെടുത്തു.

ഐക്യകേരള രൂപീകരണത്തിനു മുമ്പും പിമ്പും സമരവേദികളിലും തടവറകളിലും കൊടിയ പീഡനങ്ങൾക്ക്‌ വിധേയയായി. 1957ൽ ഇഎംഎസ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായ ഗൗരിയമ്മയ്‌ക്കായിരുന്നു കാർഷികബന്ധ നിയമം അവതരിപ്പിക്കാനുള്ള നിയോഗം. 1987ലെ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്ത്  അഴിമതിനിരോധന നിയമവും വനിതാ കമീഷൻ നിയമവും അവതരിപ്പിച്ചതും ഗൗരിയമ്മ തന്നെ. 50 വർഷം നിയമസഭ ജീവിതത്തിൽ ആറുതവണ മന്ത്രിയായി. 1964ൽ കമ്യൂണിസ്‌റ്റ്‌ പാർടി പുന:സംഘടിപ്പിച്ചപ്പോൾ സിപിഐ എമ്മിനൊപ്പംനിന്നു. ഭർത്താവും  കമ്യൂണിസ്‌റ്റ്‌ നേതാവും മന്ത്രിയുമായിരുന്ന ടി വി തോമസ്‌ സിപിഐയിലും.
വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ അതിസാഹസികതയെയും ചെറുത്തുതോൽപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ ഇടക്കാലത്ത്‌ പാർട്ടിയിൽനിന്ന്‌ അകന്നു. അവസാനകാലത്ത്‌ ഗൗരിയമ്മയുടെ വിപ്ലവമനസ്‌ വീണ്ടും പാർട്ടിയോടടുത്തു. എന്നാൽ സിപിഐ എമ്മിലേക്ക്‌ തിരികെയെത്തണമെന്ന ആഗ്രഹം സഫലമാക്കാതെ 2021 മെയ്‌ 11ന്‌ ഗൗരിയമ്മ അന്തരിച്ചു. ഗൗരിയമ്മയെന്ന ഇതിഹാസം വിടപറഞ്ഞ്‌ മൂന്ന്‌ വർഷം പിന്നിടുമ്പോഴും അവരുടെ ഓർമകൾ രാഷ്‌ട്രീയ കേരളത്തിന്‌ കരുത്തുകൂട്ടുകയാണ്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും