സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അടുത്ത അധ്യയന വർഷം മുതൽ ഏഴ്, ഒൻപത് ക്ലാസുകളിൽ ലൈംഗിക വിദ്യാഭ്യാസം

womenpoint team

അടുത്ത അധ്യയനവർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലൂടെ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാവും. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് എസ്.സി.ഇ.ആർ.ടി.  പാഠഭാഗങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ കഴിഞ്ഞ വർഷം മേയിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗർഭം അലസിപ്പിക്കാൻ അനുമതി തേടി മാതാപിതാക്കൾ നൽകിയ ഹർജിക്ക് തുടർച്ചയായിട്ടായിരുന്നു കോടതിയുടെ ഇടപെടൽ.

കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാം ഭാഗത്തിലുണ്ടാവുക. ഒൻപതാം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലെ ‘പ്രത്യുത്പാദന ആരോഗ്യം’ എന്ന അധ്യായത്തിൽ വിശദമായി വിഷയം പഠിപ്പിക്കും.

ലൈംഗിക ചൂഷണങ്ങൾക്ക് എതിരെയും പാഠഭാഗം

കൗമാരകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവകാല ശുചിത്വം, ഗർഭധാരണം എങ്ങനെ, ഭ്രൂണവളർച്ച, ഗർഭനിരോധന മാർഗങ്ങൾ, പ്രസവപ്രക്രിയ, ഗർഭഛിദ്രം, ഗർഭഛിദ്രത്തിന്റെ അപകടസാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കും. ലൈംഗികാതിക്രമണത്തിനിരയായാൽ എന്തുചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെൽപ് ലൈൻ നമ്പറും പാഠഭാഗത്തിലുണ്ട്.

പത്താംക്ലാസ് പഠനത്തിനു ശേഷം സയൻസ് വിദ്യാർഥികൾക്കു മാത്രമാണ് നിലവിൽ ലൈംഗികതയും പ്രത്യുത്പാദനവും സംബന്ധിച്ച ശാസ്ത്രീയ അറിവുകൾ ലഭിക്കുന്നത്. മറ്റ് വിദ്യാർഥികൾക്കു കൂടി ഇവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽത്തന്നെ ഇവ ഉൾപ്പെടുത്തുന്നത്. ഹയർ സെക്കൻഡറി പ്രായത്തിനു മുൻപ് അതായത് കൌമാരത്തിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ കുട്ടികൾക്ക് അറിവ് ലഭിക്കും.

എസ്.സി.ഇ.ആർ.ടി. വിദ്യാർഥികൾക്കിടയിൽ സർവേ നടത്തി ലൈംഗികത സംബന്ധിച്ച അറിവുകൾ എത്രത്തോളമെന്ന് പഠിച്ചിരുന്നു. അടുത്ത ദിവസം മുതൽ തുടങ്ങുന്ന അധ്യാപക പരിശീലനത്തിലും കൗമാരക്കാർക്കിടയിലെ ശാരീരിക, മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാവശ്യമായ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്കും ഇതുവഴി ബോധവൽക്കരണം നൽകും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും