2018ലെ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ കണക്കനുസരിച്ച് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക വിഭവങ്ങളിന്മേലുള്ള നിയന്ത്രണം എന്നീ മൂന്ന് അടിസ്ഥാന മാനദണ്ഡത്തെ മുൻനിർത്തിയുള്ള ആഗോള ലിംഗപദവി വികസന സൂചിക (ജിഡിഐ) പട്ടികയിലെ 156 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 140. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടുപ്രകാരം 2022ൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 4.45 ലക്ഷം കേസ് രജിസ്റ്റർ ചെയ്തു. മണിക്കൂറിൽ ശരാശരി 51 കേസ്. രാജ്യതലസ്ഥാനമായ ഡൽഹിയാണ് ഏറ്റവും മുന്നിൽ (144.4). ആകെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുന്നിൽ ഉത്തർപ്രദേശാണ്–- 65,743. ബിജെപി ഭരണം തുടർന്നാൽ ഇത് ഒടുവിലത്തേതാകില്ലെന്ന് ഉത്തരവാദിത്വപ്പെട്ടവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തം. ‘സ്പാനിഷ് വ്ലോഗർ രാജ്യത്തെ അപമാനിക്കുകയാണ്’ എന്നാണ് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ സമൂഹമാധ്യമത്തിൽ കുറിച്ചത്. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതുമുതൽ സമീപനമിതാണ്. രാജ്യത്തെ വിറങ്ങലിപ്പിച്ച അതിക്രമങ്ങളിൽ ബിജെപി സർക്കാരുകൾ ഓരോതവണയും നിർലജ്ജം വേട്ടക്കാർക്കൊപ്പം നിന്നു. ‘നാരീശക്തി’യെന്ന് പ്രസംഗം നടത്തുമ്പോൾത്തന്നെ, വനിതാ ശിശുവികസനമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെ ലൈംഗികാതിക്രമ ഇരകളെയും പരാതിക്കാരെയും അധിക്ഷേപിച്ചു. പ്രതിസ്ഥാനത്ത് ബിജെപിക്കാരോ ‘ഉന്നതകുലജാതരോ’ ആണെങ്കിൽ പ്രതികരണത്തിന് വീര്യം കൂടും. ആടുമേയ്ക്കാൻ പോയ കുട്ടികളെമുതൽ രാജ്യത്തിന് അഭിമാനമായ കായികതാരങ്ങളെവരെ ആക്രമിച്ചു. പ്രതികൾ സംഘപരിവാർബന്ധുക്കളാകയാൽ അധികാരകേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുന്നു. 2018 ജനുവരിയിൽ ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ നാല് പൊലീസുകാർ ഉൾപ്പെടെ എട്ടുപേർ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതിയുടെ കുടുംബക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വരെ അപലപിച്ച സംഭവം. ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടിയെ സവർണവിഭാഗക്കാരായ നാലുപേർ കൂട്ടബലാത്സംഗം ചെയ്തു. 2020 സെപ്തംബർ 14നായിരുന്നു സംഭവം. ഒരാഴ്ചയ്ക്കുശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്. പെൺകുട്ടി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ രണ്ടാഴ്ചയ്ക്കുശേഷം മരിച്ചു. രക്ഷിതാക്കളെപ്പോലും കാണിക്കാതെ പുലർച്ചെ 2.30ന് പൊലീസ് മൃതദേഹം കത്തിച്ചു. മകളെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണമാണ് നടന്നത്. വിധി വന്നപ്പോൾ ഒരു പ്രതിക്കുമാത്രം ജീവപര്യന്തം. മൂന്നുപേരെ വെറുതെ വിട്ടു. തെളിവ് ശേഖരിക്കുന്നതിൽ പൊലീസ് വരുത്തിയ അനാസ്ഥയാണ് കാരണമെന്ന് സിബിഐക്ക് സമ്മതിക്കേണ്ടിവന്നു. ബിജെപി നേതൃത്വത്തിലുള്ള വാരാണസി മഹാനഗർ ഐടി സെൽ കൺവീനർ കുണാൽ പാണയും സംഘവും ചേർന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ ഐഐടി വിദ്യാർഥിയെ പീഡിപ്പിച്ച് കാമറയിൽ പകർത്തി. 2023 നവംബർ ഒന്നിന് രാത്രിയായിരുന്നു സംഭവം. പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് നടപടിയെടുത്തില്ല. വൻ വിദ്യാർഥിപ്രക്ഷോഭത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടിവന്നു. ഉത്തർപ്രദേശിലെ ഉന്നാവിൽ 2017ൽ ബിജെപി നേതാവും എംഎൽഎയുമായ കുൽദീപ് സിങ് സംഗറും കൂട്ടാളികളും പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഗറിനെതിരെ മൊഴി നൽകിയതിന് പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരിച്ചു. കുടുംബാംഗങ്ങൾ യാത്ര ചെയ്യവെ അപകടത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റു. രണ്ടു ബന്ധുക്കൾ മരിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. രണ്ടുവർഷത്തിനുശേഷം പെൺകുട്ടി റായ്ബറേലി കോടതിയിൽ വിചാരണയ്ക്കായി കുടുംബാംഗങ്ങളുമൊത്ത് പോകവേ അഞ്ചുപേർ തടഞ്ഞുനിർത്തി തീയിട്ടു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചു. അവസാനം സംഗറെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചെങ്കിലും പെൺകുട്ടി അതിനുമുമ്പേ മരിച്ചു. ആറുതവണ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ് പ്രായപൂർത്തിയാകാത്ത വനിതാതാരങ്ങളെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചതിനെതിരെ പ്രതിഷേധമുയർന്നു. ഒളിമ്പിക്സ് ഉൾപ്പെടെ ലോകവേദികളിൽ സ്വർണവും വെള്ളിയും വെങ്കലവും നേടിയ അഭിമാനതാരങ്ങൾ നിരത്തിലിറങ്ങി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വംശഹത്യക്കിടെ 2002 മാർച്ച് മൂന്നിനാണ് ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌തത്. ഗർഭസ്ഥശിശു ഉൾപ്പെടെ അവരുടെ ഏഴു കുടുംബാംഗങ്ങൾ ഒറ്റദിവസം കൊല്ലപ്പെട്ടു. ബിൽക്കിസ് ബാനുവിന്റെ മുന്നിൽവച്ച് മൂന്നുവയസ്സുകാരിയായ മകൾ സഹേലയെ സംഘപരിവാറുകാർ തലയ്ക്കടിച്ചുകൊന്നു. ദുരിതാശ്വാസക്യാമ്പിൽവച്ച് ബിൽക്കിസിനെ കണ്ടുമുട്ടിയ സിപിഐ എം നേതാവ് സുഭാഷിണി അലിയാണ് ഇവർക്കുവേണ്ടി നിയമപോരാട്ടം ആരംഭിച്ചത്.ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന 11 പേരെ 2022 ആഗസ്തിൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകി വിട്ടയച്ചു. ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന 11 പേരെ 2022 ആഗസ്തിൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകി വിട്ടയച്ചു. കേന്ദ്ര–-സംസ്ഥാന ബിജെപി സർക്കാരുകളുടെ മൗനാനുവാദത്തോടെ നടന്ന മണിപ്പുർ കലാപത്തിൽ നിരവധി സ്ത്രീകളെ ബലാത്സംഗംചെയ്‌തു. 2023 മേയിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിൽക്കൂടി നടത്തിക്കൊണ്ടുപോകുന്ന വീഡിയോ മനസ്സാക്ഷിയെ ഞെട്ടിച്ചു. 78 ദിവസത്തിനുശേഷമാണ് പ്രധാനമന്ത്രി പ്രതികരണമെങ്കിലും നടത്തിയത്. ജാർഖണ്ഡിൽ വച്ച് ഏഴുപേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി സ്പെയിൻകാരിയായ വ്ളോഗർ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ മാർച്ച് ഒന്നിന്. പത്തുവർഷത്തെ മോദിഭരണത്തിൽ സ്ത്രീകൾക്കെതിരായ കൊടുംകുറ്റകൃത്യങ്ങളുടെ പേരിൽ ഇന്ത്യക്ക് ലോകത്തിനുമുന്നിൽ തലകുനിക്കേണ്ടിവന്ന സംഭവപരമ്പരയിൽ ഏറ്റവും പുതിയ കേസ്.