സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കണ്ടില്ലെന്ന് നടിക്കരുത് ഈ ക്രൂരത

വിമെന്‍ പോയിന്‍റ് ടീം

തിരുനന്തപുരം നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാരസ്ഥാപനത്തില്‍ മിന്നല്‍ പരിശോധന. മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സ്ത്രീത്തൊഴിലാളികളെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ  താമസിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. തമിഴ്നാട്ടില്‍നിന്നുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.  

തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് അന്യസംസ്ഥാനക്കാരായ സ്ത്രീത്തൊഴിലാളികളെ ഇവിടെ ജോലി ചെയ്യിക്കുന്നത്. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ നിന്നാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഫോണ്‍ ചെയ്യുന്നതിനോ പരസ്പരം സംസാരിക്കുന്നതിനോ ഇവര്‍ക്ക് അനുവാദമില്ല. തുച്ഛമായ മാസശമ്പളവും ദുരിതപൂര്‍ണമായ താമസസൌകര്യവുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സ്ഥാപനത്തിന്റെ ഏറ്റവും മുകളില്‍ 200 സ്ക്വയര്‍ഫീറ്റ് സ്ഥലത്ത് ഇരുമ്പുകമ്പികളും തകരഷീറ്റും ഉപയോഗിച്ച് മറച്ചാണ് 300 വനിതാ ജീവനക്കാരെ താമസിപ്പിക്കുന്നത്. ഇവര്‍ക്ക് ആവശ്യത്തിന് ടോയ്ലെറ്റുകളോ വായുസഞ്ചാരത്തിന് ജനലുകളോ ഇല്ല. പുറത്തുകടക്കുന്നതിന് ഒറ്റവാതിലാണുള്ളത്. കട്ടിലുകളില്‍ മെത്തയോ തലയണയോ ഷീറ്റോ ഇല്ല. 


വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതമറിഞ്ഞാണ് മേയറും സംഘവും വ്യാഴാഴ്ച സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തിയത്. സ്ഥാപനത്തിലെ തൊഴില്‍നിയമ ലംഘനം സംബന്ധിച്ച് ലേബര്‍ ഓഫീസര്‍ക്ക് നഗരസഭ റിപ്പോര്‍ട്ട് കൈമാറി. മേയര്‍ക്കൊപ്പം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വ്യാപാരസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് തൊഴില്‍വകുപ്പിന്റെ ഉത്തരവുണ്ട്. വനിതാ തൊഴിലാളികള്‍ കൂടുതലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുവദിക്കേണ്ട വിശ്രമസമയം, കുടിവെള്ളലഭ്യത, ടോയ്ലറ്റ് സൗകര്യം, അവധി, തൊഴില്‍സ്ഥലത്തെ സുരക്ഷ എന്നിവ സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം.സ്ഥാപനത്തില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച താമസ സൗകര്യം പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേയര്‍നിര്‍ദേശം കൊടുത്തു. ഒപ്പം നഗരസഭയുടെ അനുമതിയില്ലാതെ താമസ സൗകര്യം ഒരുക്കിയ കടയുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍. 30 ദിവസത്തിനുള്ളില്‍ പുതിയ താമസസൗകര്യം ഒരുക്കിയില്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കാനും നടപടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും