പാകിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മഹമൂദ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ തന്റെ സ്ഥാപനമായ T4F ല്‍ നിന്നും ഇറങ്ങി കാറില്‍ കയറുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടു പേര്‍ വെടി വെക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്കും വെടിയേറ്റു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സബീന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബാലുചിസ്ഥാന്‍ പ്രവിശ്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ചുള്ള യോഗത്തിനു ശേഷം മടങ്ങുകയായിരുന്നു അവര്‍. ബാലുചിസ്ഥാനില്‍ നിന്നും നിരന്തരം പലരെയും കാണാതാകുകയും പിന്നീട് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നത് പതിവാണ്. ഇത് സംബന്ധിച്ച് 'ബാലുചിസ്ഥാനെ അനിശബ്ദമാക്കുക' എന്ന പേരില്‍ സമ്മേളനം നടത്തിയ ശേഷം സബീന്‍ മഹമൂദ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. 40 കാരിയായ സബീന്‍ ധീരമായി അനീതിക്കെതിരെ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.