കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ വിവാദ പരാമർശവുമായി നടന്‍ അലന്‍സിയർ. 'പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും' എന്നായിരുന്നു അലന്‍സിയുടെ പ്രതികരണം. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം നേടിയതിന് പിന്നാലെയായിരുന്നു നടന്റെ പ്രതികരണം. 'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു..സാംസ്കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം.' അലന്‍സിയർ പറഞ്ഞു.എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണമെന്നും താരം പറഞ്ഞു. അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലന്‍സിയർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്.